അഭിറാം മനോഹർ|
Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (09:07 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ പത്ത് വിക്കറ്റ് പരാജയത്തോടെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകൾ എല്ലാം ചെന്നൈക്ക് മുന്നിൽ അവസാനിച്ചിരിക്കുകയാണ്. നേരിയ സാധ്യതകൾ നിലനിർത്താൻ മുംബൈക്കെതിരെ ഇന്നലെ വലിയ മാർജിനിൽ ചെന്നൈക്ക് ജയം അനിവാര്യമായിരുന്നു എന്നാൽ ഏകപക്ഷീയമായ തോല്‍വിയിലേക്കാണ് എംഎസ് ധോണിയുടെ ടീം കൂപ്പുകുത്തിയത്.
അതേസമയം ഈ സീസണിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമെ ചെന്നൈ ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് കാണിച്ചതെന്ന് മത്സരശേഷം ധോനി പറഞ്ഞു. ടീമിലെ എല്ലാവരും നിരാശരാണ്. എങ്കിലും അവര്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ടൂർണമെന്റിൽ ഭാഗ്യം ഞങ്ങൾക്കൊപ്പം നിന്നില്ല.പല കളികളിലും ടോസ് നേടാന്‍ സിഎസ്‌കെയ്ക്കായില്ല, രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാവട്ടെ പിച്ചിലെ ഈര്‍പ്പം ടീമിന് തിരിച്ചടിയായി. ധോനി പറഞ്ഞു.
അതേസമയം ടീമിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറില്ലെന്നും ധോനി പറഞ്ഞു. അടുത്ത സീസണിന് മുൻപ് നല്ല തയ്യാറെടുപ്പ് നടത്താനാണ് ഇനി ശ്രമം. താൻ ടീമിന്റെ നായകനാണ്.നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ശേഷിച്ച എല്ലാ മത്സരങ്ങളിലും താൻ കളിക്കുമെന്നും ധോനി വ്യക്തമാക്കി.