ഇതെല്ലാം സ്വാഭാവികമാണ്, ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്: സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (14:58 IST)
ഐപിഎല്ലിൽ തുട‌ക്കത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും തുടർന്ന് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജുവിന്റെ ശീലമെന്നത് വിമർശകർ സഞ്ജുവിനെതിരെ ഏറെകാലമായി ഉന്നയിക്കുന്ന ആക്ഷേപമാണ്. ഈ സീസണിലും പതിവ് തെറ്റിക്കാതെ സെഞ്ചുറിയുമായി ആദ്യ മത്സരത്തിന്
തുടക്കമിട്ട സഞ്ജുവിന് തുടർന്നുള്ള രണ്ട് കളിയിലും തിളങ്ങാനായില്ല.

സ്ഥിരതയില്ലാത്ത കളിക്കാരനാണ് സഞ്ജുവെന്ന വിമർശകരുടെ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ കൂടിയായ താരം. ടി20യിൽ ഇതെല്ലാം സ്വാഭാവികമാണെന്നാണ് താരത്തിന്റെ പ്രതികരണം. ഐപിഎല്ലിൽ നമ്മൾ റിസ്‌കെടുത്ത് ഷോട്ടുകൾ കളിക്കേണ്ടതുണ്ട്. സെഞ്ചുറിയടിച്ച ആദ്യ കളിയിലും ഒരുപാട് റിസ്കി ഷോട്ടുകള്‍ ഞാന്‍ കളിച്ചിരുന്നു. അങ്ങനെയാണ് സെഞ്ചുറി നേടിയതും.

ആഗ്രഹിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്യാനാണ് ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ ഷോട്ടുകള്‍ ഞാൻ നിയന്ത്രിക്കാറില്ല. അതിനാൽ പരാജയങ്ങളെ അതിന്‍റേതായ രീതിയില്‍ ഉള്‍ക്കൊള്ളാനും എനിക്കാവും. വരും മത്സരങ്ങളില്‍ ടീമിന്‍റെ വിജയത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നൈക്കെതിരായ തോൽവിക്ക് പിന്നാലെ സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :