രേണുക വേണു|
Last Modified ശനി, 11 മെയ് 2024 (08:23 IST)
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെ.എല്‍.രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചത് ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം. ഒരു താരത്തിന്റെ ആത്മാഭിമാനം ഇല്ലാതാക്കുന്ന രീതിയിലാണ് ഗോയങ്ക രാഹുലിനോട് പെരുമാറിയതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. രാഹുലിനെ വിമര്‍ശിക്കാനോ തിരുത്താനോ ഗോയങ്കയ്ക്ക് അവകാശമുണ്ടെന്നും എന്നാല്‍ അത് മാന്യമായ രീതിയില്‍ ചെയ്യണമായിരുന്നെന്നും ആരാധകര്‍ ഒന്നടങ്കം പറയുന്നു.
അതേസമയം ഗോയങ്കയും രാഹുലുമായി നടന്ന സംസാരത്തെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് വെളിപ്പെടുത്തിയിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഗോയങ്ക രാഹുലിനോട് ചോദിച്ചു. ഈ സീസണില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ജയസാധ്യത കൂടുതല്‍. അങ്ങനെയിരിക്കെ രാഹുല്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് ഗോയങ്ക കുറ്റപ്പെടുത്തി.
സണ്‍റൈസേഴ്സിന്റെ ഓപ്പണര്‍മാര്‍ 296.66, 267.85 എന്നീ സ്ട്രൈക്ക് റേറ്റുകളിലാണ് ബാറ്റ് ചെയ്തത്. എന്നാല്‍ കെ.എല്‍.രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 87.87 മാത്രമായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ എന്തുകൊണ്ടാണ് ഇത്ര തണുപ്പന്‍ ഇന്നിങ്സ് കളിച്ചതെന്നാണ് പിന്നീട് ഗോയങ്ക രാഹുലിനോട് ചോദിച്ചത്. രാഹുലിന്റെ ഇന്നിങ്സിനെ നിരുത്തരവാദിത്തപരം എന്നും ഗോയങ്ക വിശേഷിപ്പിച്ചു. ജയിക്കണം എന്നുള്ള താല്പര്യം ടീമിനു കുറവായിരുന്നെന്നും ക്യാപ്റ്റന്‍ പോലും സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നില്ലെന്നും ഗോയങ്ക കുറ്റപ്പെടുത്തി. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും രാഹുലിന് മറുപടി ഉണ്ടായിരുന്നില്ല.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 62 ബോള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഹൈദരബാദ് വിജയം സ്വന്തമാക്കി. തോല്‍വിക്ക് പുറമേ ലഖ്നൗവിന്റെ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഇടിയുകയും ചെയ്തു. ഇതെല്ലാമാണ് ടീം ഉടമയെ പ്രകോപിപ്പിച്ചത്.