Mcgurk:ഈ കാണുന്നതല്ലവന്‍, ഈ കാണിക്കുന്നതുമല്ല അവന്‍, ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് പോലും തൂക്കിയ മുതലാണ് ഫ്രേസറെന്ന് എത്ര പേര്‍ക്കറിയാം

Jake Mcgurk,Delhi Capitals
അഭിറാം മനോഹർ| Last Modified ശനി, 13 ഏപ്രില്‍ 2024 (11:41 IST)
Jake Mcgurk,Delhi Capitals
ഇക്കൊല്ലത്തെ ഐപിഎല്‍ സീസണ്‍ പുതുതലമുറയിലെ പ്രതീക്ഷ നല്‍കുന്ന കളിക്കാരുടെ പ്രകടനങ്ങള്‍ കൊണ്ട് കൂടി ശ്രദ്ധേയമായ ഒന്നാണ്. മായങ്ക് യാദവും രഘുവംശിയും റിയാന്‍ പരാഗും മുതല്‍ വിദേശതാരങ്ങളായ കൂറ്റ്‌സെയും ട്രിസ്റ്റന്‍ സ്റ്റമ്പ്‌സും വരെ നീളുന്ന ഈ ലിസ്റ്റിലേക്ക് തന്റെ പേരുകൂടി എഴുതിചേര്‍ത്തിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരമായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്. വെള്ളിയാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടികൊണ്ടാണ് താരം വരവറിയിച്ചത്.

വെറും 35 പന്തില്‍ 2 ഫോറും 5 സിക്‌സുമടക്കം 55 റണ്‍സാണ് താരം അടിച്ചെടുത്തത്. ഡല്‍ഹിയുടെ സ്റ്റാര്‍ ബാറ്ററായ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയായിരുന്നു ജേക് ഫ്രേസര്‍ ക്രീസിലെത്തിയത്. പൃഥ്വി ഷായ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 39 റണ്‍സും റിഷഭ് പന്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 73 റണ്‍സും സംഭാവന ചെയ്താണ് താരം മടങ്ങിയത്. ഐപിഎല്ലിലെ കന്നി മത്സരമാണിതെങ്കിലും ബിബിഎല്‍ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളില്‍ ഇതിന് മുന്‍പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് ജാക് ഫ്രേസര്‍. 2023ല്‍ നടന്ന മാര്‍ഷ് ഏകദിനകപ്പില്‍ 29 പന്തില്‍ നിന്നും സെഞ്ചുറി സ്വന്തമാക്കി ഏറ്റവും വേഗതയേറിയ ലിസ്റ്റ് സെഞ്ചുറി എന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കിയിരുന്നു. 31 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് നേട്ടമാണ് താരം മറികടന്നത്. ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിലും വെടിക്കെട്ട് കൊണ്ട് തരംഗം തീര്‍ക്കാന്‍ ജാക് ഫ്രേസറിനായിരുന്നു.

ഫ്രാഞ്ചൈസിക്കായി 9 മത്സരങ്ങളില്‍ നിന്നും 257 റണ്‍സാണ് താരം നേടിയത്. ഈ വര്‍ഷമാദ്യം ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്കായും 22കാരനായ താരം അരങ്ങേറിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ 2 മത്സരങ്ങളില്‍ നിന്നും 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. സിക്‌സുകള്‍ അനായാസമായി അടിച്ചെടുക്കാനുള്ള കഴിവാണ് ഫ്രേസറിനെ അപകടകാരിയാക്കുന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തിലും ഫോറുകളേക്കാള്‍ സിക്‌സറുകളെയായിരുന്നു ഫ്രേസര്‍ റണ്‍സിനായി ആശ്രയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :