ആങ്കർ റോൾ എന്ന ഒന്ന് ടി20 ക്രിക്കറ്റിലില്ല: തുറന്ന് പറഞ്ഞ് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (19:20 IST)
ക്രിക്കറ്റ് ഏറെ മാറിയെന്നും അങ്കർ റോൾ എന്നത് നിലവിൽ ടി20 ഫോർമാറ്റിൽ ഇല്ലെന്നും അഭിപ്രായപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. കളിക്കുന്ന ഒരു കളിക്കാരൻ എന്നത് ഇന്നത്തെ ടി20 ക്രിക്കറ്റിൽ അപ്രസക്തമാണ്. 20 റൺസിന് 3 അല്ലെങ്കിൽ 4 വിക്കറ്റ് നഷ്ടമാകുകയാണെങ്കിൽ നിങ്ങൾക്ക് ആങ്കർ റോൾ കളിക്കേണ്ടതായി വരും. സാഹചര്യം ആവശ്യപ്പെടുന്നതാണ് അത്. എന്നാൽ എല്ലാ ദിവസവും ഈ സ്ഥിതി ഉണ്ടാവുകയില്ല. ഏതെങ്കിലും ഒരു താരം ആങ്കർ റോൾ ഏറ്റെടുക്കുകയും നല്ല സ്കോറിൽ മത്സരം ഫിനിഷ് ചെയ്യുകയുമാണ് അപ്പോൾ ചെയ്യേണ്ടത്. അതല്ലാതെ ഇന്നിങ്ങ്സ് ആങ്കർ ചെയ്യാനായി മാത്രം ഒരു താരത്തിനെ ആവശ്യമില്ല രോഹിത് പറഞ്ഞു.

ടി20 ക്രിക്കറ്റിൽ ടെക്നിക്കിനേക്കാൾ മനോഭാവമാണ് പ്രധാനമെന്നും പവർ ഹിറ്റിംഗ് എന്നത് ഒരിക്കലും തൻ്റെ മേഖലയല്ലെങ്കിലും ഔട്ട്പുട്ടിനെ പറ്റി ചിന്തിക്കാതെ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും രോഹിത് പറയുന്നു. നിങ്ങൾ നിങ്ങളുടെ ചിന്താഗതി മാറ്റുകയാണെങ്കിൽ ആദ്യ പന്ത് മുതൽ അക്രമിച്ച് കളിക്കാനാകും. ടി20യിൽ നിങ്ങൾ 10-15 അല്ലെങ്കിൽ 20 പന്തിൽ 30- 40 റൺസ് കണ്ടെത്തുകയാണ് പ്രധാനം. നല്ല വ്യക്തിഗത സ്കോർ നല്ലത് തന്നെ പക്ഷേ കളിയേറെ മാറിയിരിക്കുന്നു. ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :