രേണുക വേണു|
Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (11:43 IST)
Lucknow Super Giants: ഐപിഎല്ലിനു അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാ ഫ്രാഞ്ചൈസികളും. അതിനിടയിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പുതിയൊരു താരത്തിന്റെ എന്‍ട്രി. ബൗളര്‍ ശര്‍ദുല്‍ താക്കൂറിനെ ലഖ്‌നൗ സ്വന്തമാക്കിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലന ജേഴ്‌സിയില്‍ താരത്തെ കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ശര്‍ദുല്‍ താക്കൂര്‍ അണ്‍സോള്‍ഡ് ആയിരുന്നു. ലേലത്തില്‍ പോകാത്ത ശര്‍ദുലിനെ ലഖ്‌നൗ ബൗളിങ് കരുത്ത് കൂട്ടാന്‍ വേണ്ടി സ്വന്തമാക്കിയതാകാമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍.
അതേസമയം ശര്‍ദുലുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലഖ്‌നൗ ഇതുവരെ നടത്തിയിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്തതോടെയാണ് താക്കൂര്‍ താരലേലത്തില്‍ എത്തിയത്. എന്നാല്‍ ലേലത്തില്‍ ശര്‍ദുലിനെ സ്വന്തമാക്കാന്‍ ചെന്നൈ അടക്കമുള്ള ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല.