രേണുക വേണു|
Last Modified ശനി, 2 ഒക്ടോബര്‍ 2021 (12:17 IST)
ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കളിക്കളത്തിലെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഓയിന്‍ മോര്‍ഗനുമായി ഗ്രൗണ്ടില്‍ വച്ചുണ്ടായ തര്‍ക്കം ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഒരിക്കല്‍ അശ്വിനെ എം.എസ്.ധോണി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാനുള്ള കാരണം മുന്‍ ക്രിക്കറ്റര്‍ കൂടിയായ വിരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയത്.
2014 ഐപിഎല്‍ ക്വാളിഫയറിലാണ് സംഭവമെന്ന് സെവാഗ് പറയുന്നു. കിങ്സ് ഇലവന് പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരം നടക്കുകയാണ്. അശ്വിന് ചെന്നൈ സൂപ്പര്‍ കിങ്സ് താരമാണ്. ധോണിയാണ് നായകന്. പഞ്ചാബ് താരമായ ഗ്ലെന്‍ മാക്സ്വെല്ലിനെ അശ്വിന് ഔട്ടാക്കി. മാക്സ്വെല്ലിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള അശ്വിന്റെ ആഹ്ലാദപ്രകടനം അതിരുകടന്നു. ഇത് ശരിയായില്ലെന്നാണ് സെവാഗ് പറയുന്നത്. കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണ് അശ്വിന്റെ ആഹ്ലാദപ്രകടനമെന്ന് തനിക്ക് പറയാന്‍ തോന്നിയെങ്കിലും പരസ്യമായി അന്ന് പറഞ്ഞില്ലെന്നും സെവാഗ് വെളിപ്പെടുത്തി. എന്നാല്‍, അശ്വിന്റെ ഈ പ്രവൃത്തികള്‍ ധോണിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അശ്വിനോട് ധോണി ദേഷ്യപ്പെട്ടു. പിന്നീട് അശ്വിനെ ധോണി കണ്ണുപൊട്ടുന്ന തരത്തില്‍ ചീത്ത വിളിച്ചിട്ടുണ്ടെന്നും സെവാഗ് വെളിപ്പെടുത്തി.