ആങ്കറിംഗിൽ കാര്യമില്ല, ബൗണ്ടറികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം: സഞ്ജു സാംസൺ

Sanju Samson,IPL
Sanju Samson,IPL
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 മെയ് 2024 (19:53 IST)
ടി20 ഫോര്‍മാറ്റില്‍ പിന്തുടരേണ്ട ബാറ്റിംഗ് ശൈലി എങ്ങനെയാകണമെന്നുള്ള തന്റെ കാഴ്ചപ്പാട് വിവരിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മത്സരത്തിന്റെ തുടക്കത്തില്‍ പിടിച്ചുനിന്നുകൊണ്ടുള്ള ആങ്കറിംഗ് ശൈലിയോട് തനിക്ക് താത്പര്യമില്ലെന്നും ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സ് ഉയര്‍ത്തുന്നതിലാണ് കാര്യമെന്നും സഞ്ജു വ്യക്തമാക്കി.

20 ഓവറുകള്‍ മാത്രമാണ് ഒരു മത്സരത്തിലുള്ളത്. അതില്‍ ഒരു ഓവര്‍ എന്ന് വെച്ചാല്‍ ഇന്നിങ്ങ്‌സിന്റെ അഞ്ച് ശതമാനമാണ്. അതിനാല്‍ തന്നെ ക്രീസില്‍ നിലയുറപ്പിക്കാന്‍ കൂടുതല്‍ സമയം നമുക്ക് ആവശ്യപ്പെടാനാവില്ല.10 റണ്‍സെടുത്ത ശേഷം സിക്‌സടിക്കാമെന്ന് കരുതാനാകില്ല. അതുപോലെ തന്നെ ഇന്ന ബൗളറെ ഞാന്‍ അടിക്കില്ലെന്നും കരുതരുത്. അവസാന പന്ത് വരെ ബൗണ്ടറികള്‍ കണ്ടെത്താനുള്ള ശ്രമം വേണം. ടി20യില്‍ ഈ ഒരൊറ്റ ശൈലി മാത്രമാണുള്ളത്. എപ്പോഴും ബൗണ്ടറികള്‍ക്ക് ശ്രമിക്കുക. അത്തരത്തിലുള്ള പരിശ്രമമാണ് വേണ്ടത്. മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ നമ്മുടെ ഇന്നിങ്ങ്‌സിനാകണം. സഞ്ജു പറഞ്ഞു.


ടി20യില്‍ വ്യക്തിഗത നേട്ടത്തില്‍ കാര്യമില്ല. എതിര്‍ ടീമിനെതിരെ ആധിപത്യം സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിന് സാധിച്ചില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതും. അവര്‍ക്കും സാധിച്ചില്ലെങ്കില്‍ ടീം പരാജയപ്പെടും. ഇതിന് മറ്റൊരു ഗിയറില്ല. സഞ്ജു വ്യക്തമാക്കി. ഐപിഎല്ലിലെ 10 മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു ഈ സീസണില്‍ നേടിയിട്ടുള്ളത്. സീസണ്‍ അവസാനിക്കുമ്പോള്‍ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ സഞ്ജുവെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :