അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (10:43 IST)
ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയ്ക്ക് തൊട്ടരികിലെത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 33 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണ്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നലത്തെ പ്രകടനത്തോടെ റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാമതെത്തിയത്. 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
77 റണ്‍സ് ശരാശരിയും 167 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒന്നാം സ്ഥാനത്തുള്ള കോലിയ്ക്ക് 9 മത്സരങ്ങളില്‍ നിന്നും 430 റണ്‍സാണുള്ളത്. നിലവില്‍ കോലി ഒന്നാമതാണെങ്കിലും ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാത്തതിനാല്‍ 14 മത്സരങ്ങളില്‍ മാത്രമാണ് കോലിയ്ക്ക് കളിക്കാനാകുക. 8 വിജയങ്ങളുമായി രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ സഞ്ജുവിന് ബാക്കിയുണ്ട്. ആദ്യ പന്ത് മുതല്‍ തന്നെ അക്രമിക്കുന്ന ഏത് പന്തിലും പുറത്താകാന്‍ സാധ്യതയുള്ള അപ്രവചനീയമായ ഇന്നിങ്ങ്‌സുകളല്ല നിലവില്‍ സഞ്ജുവില്‍ നിന്നും വരുന്നത്.
നായകനായി ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാതെ സമ്മര്‍ദ്ദം ഏറ്റെടുത്തുകൊണ്ട് ടീമിനെ അവസരം വരെ എത്തിക്കുന്നതിലും ബാറ്ററെന്ന രീതിയില്‍ സഞ്ജു മികവ് പുലര്‍ത്തുന്നുണ്ട്. ഐപിഎല്ലില്‍ കളിച്ച 9 മത്സരങ്ങളില്‍ 8ലും വിജയിച്ച രാജസ്ഥാന്‍ മറ്റ് ടീമുകള്‍ക്ക് മേല്‍ മേധാവിത്വം പുലര്‍ത്തുന്നതിലും വിജയിക്കുന്നുണ്ട്. ടീമിലെ ഒട്ട് മിക്ക ബാറ്റര്‍മാരും ഫോമിലാണ് എന്നതും മികച്ച ഡെത്ത് ബൗളിംഗ് ടീമിനുണ്ട് എന്നതും രാജസ്ഥാന് കരുത്താണ്. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ഐപിഎല്‍ കിരീടവും ഓറഞ്ച് ക്യാപ്പുമാണ് സഞ്ജു ലക്ഷ്യം വെയ്ക്കുന്നതെന്ന് തീര്‍ച്ച.