അഭിറാം മനോഹർ|
Last Modified വ്യാഴം, 16 മെയ് 2024 (15:17 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയും തോല്‍വി സമ്മതിച്ചുകൊണ്ട് ആരാധകരെ നിരാശരാക്കി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിലെ ആദ്യ 9 മത്സരങ്ങളില്‍ എട്ടിലും വിജയിച്ചുകൊണ്ട് വിസ്മയിപ്പിച്ച രാജസ്ഥാന്‍ അവസാനമായി കളിച്ച 4 മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെട്ടത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കുന്നത്. ഓപ്പണിംഗ് സഖ്യം പാടെ നിറം മങ്ങിയതും മത്സരത്തില്‍ റണ്‍റേറ്റ് കൃത്യമായ ഇടവേളകളില്‍ ഉയര്‍ത്താന്‍ സാധിക്കാത്തതും രാജസ്ഥാനെ കഴിഞ്ഞ മത്സരങ്ങളില്‍ വല്ലാതെ അലട്ടുന്നുണ്ട്. ഓപ്പണര്‍മാര്‍ നിറം മങ്ങിയതോടെ സഞ്ജു സാംസണ്‍- റിയാന്‍ പരാഗ് എന്നിവരാണ് ടീമിനെ ഈ സീസണില്‍ തോളിലേറ്റുന്നത്.
പഞ്ചാബ് കിംഗ്‌സിനെതിരെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു സാംസണും റിയാന്‍ പരാഗും ഐപിഎല്ലിലെ തങ്ങളുടെ ആദ്യ 500+ സീസണ്‍ എന്ന നേട്ടം സ്വന്തമാക്കി. 48 റണ്‍സുമായി രാജസ്ഥാന്‍ ടോപ് സ്‌കോററായ റിയാന്‍ പരാഗ് 13 മത്സരങ്ങളില്‍ നിന്നും 531 റണ്‍സാണ് നേടിയത്. ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് പരാഗുള്ളത്. 631 റണ്‍സുമായി ആര്‍സിബി താരം വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമത്. 583 റണ്‍സുമായി ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് രണ്ടാം സ്ഥാനത്തും 533 റണ്‍സുമായി ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്തുമാണ്.
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 13 മത്സരങ്ങളില്‍ നിന്നും 504 റണ്‍സുമായി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ നിന്നും 527 റണ്‍സുള്ള ഗുജറാത്തിന്റെ സായ് സുദര്‍ശനാണ് പട്ടികയില്‍ അഞ്ചാമതുള്ളത്.