രേണുക വേണു|
Last Modified ശനി, 23 ഏപ്രില്‍ 2022 (08:31 IST)
രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയുണ്ടായ നോ ബോള്‍ വിവാദത്തില്‍ പ്രതികരിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന് വേണ്ടി ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാമത്തെ പന്താണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡല്‍ഹി ബാറ്റര്‍ റോവ്മാന്‍ പവല്‍ ആ പന്ത് സിക്‌സര്‍ പറത്തിയെങ്കിലും അത് നോ ബോള്‍ ആണെന്ന് അദ്ദേഹം അംപയറോട് വാദിച്ചു. നോബോളിനായി പവലും ഒപ്പം ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡഗ്ഔട്ടില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്ത് കുപിതനാകുകയും ബാറ്റര്‍മാരോട് കളി നിര്‍ത്തി തിരിച്ചുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതൊരു ഫുള്‍-ടോസ് ബോള്‍ ആയിരുന്നു എന്നാണ് മത്സരശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞത്. ഡല്‍ഹിയുടെ നോ ബോള്‍ വാദം സഞ്ജു തള്ളുകയായിരുന്നു. ' അതൊരു ഫുള്‍-ടോസ് ആയിരുന്നു. പക്ഷേ, ബാറ്റ്‌സ്മാന്‍ നോ ബോള്‍ ആഗ്രഹിച്ചു. അംപയര്‍ അനുവദിച്ചില്ല,' സഞ്ജു പറഞ്ഞു.