അഭിറാം മനോഹർ|
Last Modified വെള്ളി, 3 മെയ് 2024 (13:17 IST)
Sanju samson,Bhuvaneswar Kumar
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നിരാശപ്പെടുത്തുന്ന പ്രകടവുമായി 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍. ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ് എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്നലെ ഹൈദരാബാദുമായുള്ള മത്സരത്തില്‍ മലയാളി താരമായ സഞ്ജു സാംസണും നിരാശപ്പെടുത്തി. ഭുവനേശ്വര്‍ കുമാറിന്റെ ഇന്‍സ്വിങ്ങറിന് മുന്നിലാണ് സഞ്ജൂ അടിയറവ് പറഞ്ഞത്.
ഈ ഐപിഎല്ലില്‍ ഇതാദ്യമായാണ് സഞ്ജു റണ്‍സൊന്നും നേടാതെ പുറത്താവുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ മികച്ച പന്തിലാണ് ബൗള്‍ഡായതെങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടിയതിന് പിന്നാലെയുള്ള ആദ്യ മത്സരത്തില്‍ തന്നെ ഡക്കായത് ആരാധകരെ നിരാശരാക്കി. ലോകകപ്പ് ടീമില്‍ ഇടം പിടിച്ച സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ നാലോവറില്‍ 62 റണ്‍സാണ് ഇന്നലെ വഴങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ മത്സരത്തില്‍ ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടൂത്തിയിരുന്നു.
ലോകകപ്പ് പ്രഖ്യാപനത്തിന് പിന്നാലെ,ഹാര്‍ദ്ദിക് പാണ്ഡ്യ,സഞ്ജു സാംസണ്‍,ശിവം ദുബെ എന്നിവരാണ് അടുത്ത കളിയില്‍ റണ്‍സൊന്നും നേടാതെ പുറത്തായത്.രോഹിത് 4 റണ്‍സും സൂര്യകുമാര്‍ 10 റണ്‍സുമാണ് ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെയുള്ള മത്സരത്തില്‍ നേടിയത്. സണ്‍റൈസേഴ്‌സിനെതിരെ 40 പന്തില്‍ 67 റണ്‍സുമായി തിളങ്ങിയ ജയ്‌സ്വാള്‍ മാത്രമാണ് ഇതിന് അപവാദമായുള്ളത്.