രേണുക വേണു|
Last Modified ബുധന്‍, 27 നവംബര്‍ 2024 (10:18 IST)
Royal Challengers Bengaluru: താരലേലത്തിനു ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ ആരാധകര്‍ അടക്കം ട്രോളുകയാണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി കളിച്ച വെടിക്കെട്ട് ബാറ്റര്‍ വില്‍ ജാക്‌സിനെ ലേലത്തില്‍ വിളിച്ചെടുക്കാത്തത് ആരാധകര്‍ക്കു പിടിച്ചില്ല. മാത്രമല്ല മുഹമ്മദ് സിറാജിനെ നിലനിര്‍ത്താന്‍ ശ്രമിക്കാതിരുന്നതും ആരാധകരെ ചൊടിപ്പിച്ചു. മോശം ടീം സെലക്ഷനെന്നാണ് ഐപിഎല്‍ ആരാധകര്‍ ആര്‍സിബിയെ പരിഹസിക്കുന്നത്.
അതേസമയം മുന്‍ സീസണുകളിലെ കുറവ് പരിഹരിക്കാന്‍ കൃത്യമായ പദ്ധതികളാണ് താരലേലത്തില്‍ ആര്‍സിബി നടപ്പിലാക്കിയത്. മധ്യനിരയിലും വാലറ്റത്തുമാണ് ആര്‍സിബി മിക്കപ്പോഴും തകര്‍ന്നുപോകാറുള്ളത്. ആ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബി മാനേജ്‌മെന്റ് ഇത്തവണ ലേലത്തില്‍ പണം എറിഞ്ഞത്.
ഗ്ലെന്‍ മാക്‌സ്വെല്ലിനു പകരം അതേ രീതിയില്‍ ഇംപാക്ട് ഉണ്ടാക്കുന്ന ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണിനെ ആര്‍സിബി ഇത്തവണ വിളിച്ചെടുത്തിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്കിനു പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ എത്തുമ്പോള്‍ മധ്യനിരയ്ക്ക് കരുത്ത് കൂടും. ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഇംപാക്ട് പ്ലെയര്‍ ആകാന്‍ സാധ്യതയുള്ള സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ് എന്നിവരും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നവര്‍. ഓള്‍റൗണ്ടര്‍ ആയ കരീബിയന്‍ താരം റൊമാരിയോ ഷെപ്പേര്‍ഡും ആര്‍സിബിയുടെ സ്‌ക്വാഡില്‍ ഉണ്ട്.
ബൗളിങ്ങിലേക്ക് വരുമ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ കൂടി എത്തുന്നതോടെ ആര്‍സിബിയുടെ വലിയ തലവേദന മാറും. യാഷ് ദയാലും പേസ് നിരയ്ക്കു മൂര്‍ച്ഛ കൂട്ടാന്‍ ഉണ്ട്. ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ എന്നിവര്‍ക്കൊപ്പം ലിയാം ലിവിങ്സ്റ്റണ്‍ കൂടി ചേരുമ്പോള്‍ സ്പിന്‍ യൂണിറ്റും ശക്തമാകും.