Royal Challengers Bengaluru: 'ഒന്നും കഴിഞ്ഞിട്ടില്ല രാമാ...' ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ ഇനിയും വഴികളുണ്ട്; പക്ഷേ കാല്‍ക്കുലേറ്റര്‍ വേണം !

നാല് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ നാലിലും ജയിച്ച് 14 പോയിന്റ് ആക്കുകയാണ് ആദ്യം വേണ്ടത്

Royal Challengers Bengaluru
Royal Challengers Bengaluru
രേണുക വേണു| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (09:13 IST)

Royal Challengers Bengaluru: പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്ക് ശേഷം അവസാന രണ്ട് കളികള്‍ മികച്ച മാര്‍ജിനില്‍ ജയിച്ചതാണ് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നത്. ഈ സീസണില്‍ 10 കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഏഴ് തോല്‍വിയുമുള്ള ആര്‍സിബി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്.

നാല് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഈ നാലിലും ജയിച്ച് 14 പോയിന്റ് ആക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍ അതുകൊണ്ട് മാത്രം ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചു കൂടിയാണ് അത് സാധ്യമാകൂ. നിലവില്‍ പോയിന്റ് ടേബിളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ള രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ ശേഷിക്കുന്ന എല്ലാ കളികളും ജയിച്ച് പതിനാറോ അതില്‍ കൂടുതല്‍ പോയിന്റോ സ്വന്തമാക്കി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തന്നെ തുടരണം.

ആദ്യ മൂന്ന് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ഒഴികെ മറ്റു ടീമുകള്‍ക്കൊന്നും 16 പോയിന്റ് ആകാതിരിക്കുകയാണ് ആര്‍സിബിക്ക് പ്ലേ ഓഫ് സ്വപ്‌നം കാണാന്‍ അടുത്തതായി വേണ്ടത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് നിലവില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ഒന്‍പത് കളികളില്‍ നിന്ന് ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമുണ്ട്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇവര്‍ നിര്‍ബന്ധമായും തോല്‍ക്കണം. അപ്പോള്‍ ഇവര്‍ക്ക് 14 പോയിന്റ് മാത്രമേ ആകൂ. ആറാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റ് ഉണ്ട്. ശേഷിക്കുന്ന നാല് കളികളില്‍ രണ്ടെണ്ണത്തില്‍ ഇവര്‍ നിര്‍ബന്ധമായും തോല്‍ക്കണം. ഗുജറാത്ത് ടൈറ്റന്‍സ് ശേഷിക്കുന്ന നാല് കളികളില്‍ ഒരെണ്ണത്തില്‍ തോറ്റാല്‍ മതി. പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന അഞ്ച് കളികളില്‍ ഓരോന്നില്‍ തോല്‍ക്കുകയും വേണം. ഇങ്ങനെയെല്ലാം സംഭവിക്കുകയും ആര്‍സിബി ശേഷിക്കുന്ന നാല് കളികളിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഡു പ്ലെസിസിനും സംഘത്തിനും പ്ലേ ഓഫില്‍ കയറാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :