രേണുക വേണു|
Last Modified വെള്ളി, 29 മാര്‍ച്ച് 2024 (16:20 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിനാണ് തോറ്റത്. ഈ സീസണിലെ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
14 മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മികച്ചൊരു ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ്. മികച്ച തുടക്കം ലഭിക്കുമെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല. രാജസ്ഥാനെതിരായ മത്സരത്തില്‍ 26 പന്തില്‍ 28 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ഒരുപക്ഷേ പന്ത് ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഡല്‍ഹിക്ക് ജയം സാധ്യമാകുമായിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച പന്ത് വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. അതിനിടയിലാണ് യുസ്വേന്ദ്ര ചഹലിലൂടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പന്തിനെ പുറത്താക്കിയത്.
ഓഫ് സ്റ്റംപിനു പുറത്ത് വൈഡ് ലെങ്ത് ബോളാണ് ചഹല്‍ എറിഞ്ഞത്. എഡ്ജ് ചെയ്ത് ബൗണ്ടറിയാക്കാനാണ് പന്ത് ശ്രമിച്ചത്. എന്നാല്‍ അവിശ്വസനീയമെന്ന് തോന്നുന്ന വിധം രാജസ്ഥാന്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു പന്ത് കൈകളില്‍ സുരക്ഷിതമാക്കി. എഡ്ജ് എടുത്തതിനാല്‍ ക്ലിയര്‍ ക്യാച്ച് ഔട്ട് ! വളരെ നിരാശനായും ദേഷ്യത്തോടെയുമാണ് പന്ത് ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങിയത്. പോകുന്ന വഴി സൈറ്റ് സ്‌ക്രീനിലെ തുണിയില്‍ പന്ത് ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.