അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (15:41 IST)
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പഞ്ചാബ് കിംഗ്‌സ് മത്സരത്തിന്റെ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മത്സരത്തില്‍ ആര്‍സിബിക്കായി യാഷ് ദയാല്‍ പന്തെറിയാനെത്തിയപ്പോഴാണ് ചിലരുടെ ചവറ് ചിലര്‍ക്ക് നിധിയാണെന്ന് പരാമര്‍ശം മുരളി കാര്‍ത്തിക് നടത്തിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവസാന ഓവറില്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഗുജറാത്തിനായി പന്തെറിഞ്ഞ യാഷ് ദയാല്‍ ആദ്യ അഞ്ച് പന്തില്‍ തന്നെ 30 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഈ മത്സരത്തിന്റെ ആഘാതത്തെ തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളില്‍ യാഷ് ദയാല്‍ കാര്യമായി കളിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ താരലേലത്തില്‍ അഞ്ച് കോടി രൂപ മുടക്കിയാണ് ആര്‍സിബി യാഷ് ദയാലിനെ ടീമിലെത്തിച്ചത്. മത്സരത്തില്‍ ആര്‍സിബിക്കായി 4 ഓവര്‍ പന്തെറിഞ്ഞ യാഷ് ദയാല്‍ 23 റണ്‍സ് മാത്രമാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ആര്‍സിബി നിരയില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും യാഷ് ദയാലായിരുന്നു. ഇതോടെ മുരളീ കാര്‍ത്തിക്കിന് മറുപടിയുമായി ആര്‍സിബിയും രംഗത്തെത്തി. യാഷ് ദയാല്‍ തങ്ങളുടെ നിധി തന്നെയാണെന്ന് ആര്‍സിബി വ്യക്തമാക്കിയത്.