അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (16:15 IST)
ഐപിഎല്ലില്‍ ഏത് ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ആരാധകരാണെങ്കിലും വിരാട് കോലി ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും. ഐപിഎല്ലില്‍ ആര്‍സിബിക്കായി തന്റെ 100 ശതമാനം എല്ലാ സീസണുകളിലും നല്‍കിയിട്ട് കൂടി 16 വര്‍ഷത്തിനിടയില്‍ ഒരു ഐപിഎല്‍ കിരീടം പോലും സ്വന്തമാക്കാന്‍ ആര്‍സിബിക്കായിട്ടില്ല. ഒരുക്കാലത്തും ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ഒരു ടീം ആര്‍സിബിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
പ്രതാപകാലത്ത് ക്രിസ് ഗെയ്ല്‍,എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി എന്നിങ്ങനെ ടി20 ക്രിക്കറ്റിലെ ഏറ്റവും വിനാശകാരികളായ ബാറ്റര്‍മാര്‍ അടങ്ങുന്ന ടീമായിരുന്നു ആര്‍സിബി. എന്നാല്‍ ബാറ്റര്‍മാരെ കൊണ്ട് മാത്രം ടൂര്‍ണമെന്റ് വിജയിക്കാനാകില്ലെന്ന് കാലമിത്രയായിട്ടും ആര്‍സിബി മനസിലാക്കാത്ത മട്ടാണ്. ഫാഫ് ഡുപ്ലെസിസ്,കോലി,മാക്‌സ്വെല്‍ എഞ്ചിനിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായി ആര്‍സിബി ഓടുന്നത്. അപ്പോഴും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താന്‍ യാതൊന്നും തന്നെ മാനേജ്‌മെന്റ് ചെയ്തില്ല. ഫ്രാഞ്ചൈസിക്ക് കീഴില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും ആര്‍സിബി പരാജയമാണ്.
ടീമിലുണ്ടായിരുന്ന പല താരങ്ങള്‍ക്കും വേണ്ടത്ര പിന്തുണ നല്‍കാത്തതും ആര്‍സിബിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സീസണില്‍ തന്നെ പല ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി തകര്‍ത്തടിക്കുന്ന പല താരങ്ങളും മുന്‍ ആര്‍സിബി താരങ്ങളാണ്. സ്പിന്നറെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ആരും തന്നെ ഈ സീസണില്‍ ആര്‍സിബിയിലില്ല. ബൗളര്‍മാരിലും എടുത്തുപറയാന്‍ പാകത്തില്‍ മത്സരപരിചയമുള്ള താരങ്ങളില്ല. മാക്‌സ്വെല്‍,ഫാഫ് എന്നിവര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുക കൂടി ചെയ്തതോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിബി. നിലവിലെ ബൗളിംഗ് നിര ഉപയോഗിച്ച് സീസണില്‍ തിരിച്ചുവരുവാന്‍ പോലും ആര്‍സിബിക്ക് സാധ്യതകളില്ല.