രേണുക വേണു|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (09:20 IST)
Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നു. 2025 ഐപിഎല്‍ സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെയാണ് സഞ്ജുവിന്റെ കൂടുമാറ്റം. മറ്റൊരു പ്രമുഖ ഫ്രാഞ്ചൈസി സഞ്ജുവിന് നായകസ്ഥാനം ഓഫര്‍ ചെയ്‌തെന്നാണ് വിവരം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു.
രണ്ട് പ്രമുഖ ഫ്രാഞ്ചൈസികളാണ് സഞ്ജുവിന് വേണ്ടി രംഗത്തുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് നായകസ്ഥാനം ഓഫര്‍ ചെയ്തുകൊണ്ട് സഞ്ജുവിനായി ആദ്യനീക്കം നടത്തിയത്. ഫാഫ് ഡു പ്ലെസിസിനെ നിലനിര്‍ത്താത്തതിനാല്‍ ആര്‍സിബിക്ക് ഒരു നായകനെ ആവശ്യമാണ്. ദിനേശ് കാര്‍ത്തിക് വിരമിച്ചതിനാല്‍ ആര്‍സിബിക്ക് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്കും ആളെ വേണം. ഇതെല്ലാം പരിഗണിച്ചാണ് ബെംഗളൂരു ഫ്രാഞ്ചൈസി സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യപ്പെടുന്നത്. ലഖ്‌നൗ നായകനായ കെ.എല്‍.രാഹുലിനു വേണ്ടി ആര്‍സിബി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. അതിനാല്‍ കൂടിയാണ് സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ ആര്‍സിബി കരുക്കള്‍ നീക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മഹേന്ദ്രസിങ് ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പൊസിഷനിലേക്ക് പരിചയസമ്പത്തുള്ള ഒരു താരത്തെ വേണം. ഇന്ത്യന്‍ താരത്തെ തന്നെയാണ് ചെന്നൈ ആഗ്രഹിക്കുന്നത്. സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരാണ് ചെന്നൈയുടെ പരിഗണനയില്‍ ഉള്ളത്. സഞ്ജുവിനെ ലഭിക്കുകയാണെങ്കില്‍ ഋതുരാജ് ഗെയ്ക്വാദിനെ നായകസ്ഥാനത്തു നിന്ന് മാറ്റാമെന്ന ആലോചനയും ചെന്നൈയ്ക്കുണ്ട്.