അവിശ്വസനീയമെന്ന് കോലി, ഫുള്‍ ബോളിന് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നെന്ന് ശ്രീകാര്‍ ഭരത്; ട്രെന്‍ഡിങ് ആയി ആര്‍സിബി ഡ്രസിങ് റൂം വീഡിയോ
രേണുക വേണു|
Last Updated:
ശനി, 9 ഒക്‌ടോബര്‍ 2021 (12:42 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്‌സ് അടിച്ച് ശ്രീകാര്‍ ഭരത് വിജയറണ്‍ കുറിച്ചത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ഭരതിന്റെ ഇന്നിങ്‌സിനെ അവിശ്വസനീയമെന്നാണ് കോലി ഡ്രസിങ് റൂമിലെത്തി വിശേഷിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി. താന്‍ ഫുള്‍ ബോള്‍ കിട്ടാനും അത് മിഡ് ഓഫിലൂടെ സിക്‌സ് അടിക്കാനും കാത്തുനില്‍ക്കുകയായിരുന്നെന്ന് നായകന്‍ കോലിയോട് ഭരത് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പന്ത് വളരെ ഉയരത്തില്‍ പോകുമെന്നാണ് താന്‍ കരുതിയതെന്നും ഭരത് പറഞ്ഞു.
അവസാന മൂന്ന് പന്തില്‍ സിംഗിള്‍ ഇട്ടു നല്‍കണമോ എന്ന് താന്‍ മാക്‌സ്വെല്ലിനോട് ചോദിച്ചെന്നും എന്നാല്‍ വേണ്ട എന്നാണ് മാക്‌സ്വെല്‍ പറഞ്ഞതെന്നും ഭരത് വെളിപ്പെടുത്തി. 'സിംഗിള്‍ ഇട്ടു നല്‍കണോ എന്ന് ഞാന്‍ ചോദിച്ചു. വേണ്ട, നിനക്ക് ഇത് തീര്‍ക്കാന്‍ പറ്റും. ബോള്‍ വാച്ച് ചെയ്ത് കളിക്കുക,' എന്നാണ് മാക്‌സ്വെല്‍ തനിക്ക് കരുത്ത് പകര്‍ന്നുകൊണ്ട് പറഞ്ഞതെന്നും ഭരത് വെളിപ്പെടുത്തി.