രേണുക വേണു|
Last Modified ശനി, 13 നവംബര്‍ 2021 (11:24 IST)
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരേയും കെ.എല്‍.രാഹുലിനെയും പരിഗണിക്കുന്നു. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ശ്രേയസ്. പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍. അടുത്ത സീസണില്‍ ഇരുവരും ഫ്രാഞ്ചൈസി വിടുമെന്നാണ് റിപ്പോര്‍ട്ട്. കെ.എല്‍.രാഹുല്‍ നേരത്തെ ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ് ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ഫ്രാഞ്ചൈസിയിലേക്ക് തന്നെ മടങ്ങിയെത്താന്‍ രാഹുല്‍ ആഗ്രഹിച്ചാല്‍ നായകസ്ഥാനവും അദ്ദേഹത്തിനു നല്‍കാനാണ് ആര്‍സിബി തീരുമാനം.
അതേസമയം, ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരില്ലെട്ടും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരുകയാണെങ്കില്‍ ഫ്രാഞ്ചൈസി മാറാന്‍ ശ്രേയസ് അയ്യര്‍ ആഗ്രഹിക്കുന്നതായാണ് വാര്‍ത്തകള്‍. ശ്രേയസ് അയ്യര്‍ പരുക്ക് പറ്റി പിന്മാറിയതോടെയാണ് റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാക്കിയത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ശ്രേയസ് അയ്യര്‍ക്ക് നായകസ്ഥാനം ലഭിച്ചില്ല. അടുത്ത സീസണിലും റിഷഭ് പന്തിനെ നായകനാക്കി മുന്നോട്ടു പോകാനാണ് ഡല്‍ഹി ഫ്രാഞ്ചൈസിയുടെ തീരുമാനമെങ്കില്‍ ശ്രേയസ് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറും.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ആര്‍സിബിക്ക് പുതിയ ക്യാപ്റ്റനെ തീരുമാനിക്കേണ്ടതുണ്ട്. കോലിക്ക് വളരെ അടുപ്പമുള്ള ശ്രേയസ് അയ്യര്‍ നായകസ്ഥാനത്ത് എത്തിയാല്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. താരലേലത്തില്‍ ശ്രേയസിനെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിക്കും. രാഹുലിനെ വേണോ ശ്രേയസിനെ വേണോ എന്ന കാര്യത്തില്‍ കോലിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ആര്‍സിബിയുടെ തീരുമാനം.