'എന്ത് മണ്ടത്തരമാണ് അവന്‍ ചെയ്തത്'; ഡഗ്ഔട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുത്തയ്യ മുരളീധരന്‍, ഇത്ര ദേഷ്യപ്പെട്ട് കാണുന്നത് ആദ്യമായാണെന്ന് ഇയാന്‍ ബിഷപ് (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (10:18 IST)

ഐപിഎല്‍ 15-ാം സീസണിലെ ഏറ്റവും നാടകീയ മത്സരമായിരുന്നു സണ്‍റൈസേഴ്സ് ഹൈദരബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്നത്. അവസാന ഓവറില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ നാല് സിക്സ് സഹിതം 25 റണ്‍സാണ് ഗുജറാത്തിന് വേണ്ടി രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. രാഹുല്‍ തെവാത്തിയയുടെ ഒരു സിക്‌സും റാഷിദ് ഖാന്റെ മൂന്ന് സിക്‌സുമാണ് അവസാന ഓവറില്‍ പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 195 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു. അതും അവസാന പന്തില്‍ !

മാര്‍ക്കോ ജാന്‍സണ്‍ ആണ് ഹൈദരബാദിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ആറ് പന്തില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ജാന്‍സന്റെ ആദ്യ പന്ത് രാഹുല്‍ തെവാത്തിയ സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് റാഷിദ് ഖാന് സ്‌ട്രൈക് കൈമാറി. അവസാന ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ സിക്‌സര്‍ പറത്തി. നാലാം പന്തില്‍ റണ്‍സൊന്നും എടുത്തില്ല. അവസാന രണ്ട് പന്തുകളും അതിര്‍ത്തി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ പരിശീലകരില്‍ ഒരാളായ മുത്തയ്യ മുരളീധരന്‍ ജാന്‍സന്റെ അവസാന ഓവറില്‍ അതൃപ്തനായി നിയന്ത്രണം വിട്ട് പെരുമാറുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജയിക്കാന്‍ രണ്ട് പന്തില്‍ ഒന്‍പത് റണ്‍സ് വേണ്ടപ്പോള്‍ ജാന്‍സണ്‍ ഒരു ലോ ഫുള്‍ ടോസ് ബോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് എറിഞ്ഞു. ഈ ഡെലിവറി മുരളീധരന് ഇഷ്ടപ്പെട്ടില്ല. റാഷിദ് ഖാന്‍ ആ പന്ത് സിക്‌സര്‍ പറത്തുകയും ചെയ്തു. ഉടനെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന മുരളീധരന്‍ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. ജാന്‍സണ്‍ എറിഞ്ഞ പന്ത് വളരെ മോശമാണെന്ന് കുപിതനായി പറയുന്ന മുരളീധരനെ കാണാം. ഇത്രയും ദേഷ്യപ്പെട്ട് നില്‍ക്കുന്ന മുരളീധരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ഇയാന്‍ ബിഷപ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :