രേണുക വേണു|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (09:55 IST)
Mumbai Indians Probable 11: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകന്‍ രോഹിത് ശര്‍മയും ട്വന്റി 20 നായകന്‍ സൂര്യകുമാര്‍ യാദവും ഉണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള സന്തുലിതമായ ടീമാണ് മുംബൈയുടേത്.
രോഹിത് ശര്‍മയ്‌ക്കൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ് ആണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി മികച്ച പ്രകടനമാണ് വില്‍ ജാക്‌സ് കാഴ്ചവെച്ചത്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരിക്കും മറ്റു പ്രധാന ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍ട്ടണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.
മിച്ചല്‍ സാന്റ്‌നറും മുജീബ് റഹ്‌മാനും ആയിരിക്കും സ്പിന്നര്‍മാര്‍. ട്രെന്റ് ബോല്‍ട്ട്, ദീപക് ചഹര്‍ എന്നിവര്‍ക്കൊപ്പം ജസ്പ്രിത് ബുംറ കൂടി ചേര്‍ന്നാല്‍ മുംബൈ ടീം സന്തുലിതം. ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ കളിക്കില്ല. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാണ്ഡ്യക്ക് ഒരു കളി വിലക്ക് ലഭിച്ചിട്ടുണ്ട്. പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത ബുംറയ്ക്കും ആദ്യ മൂന്നോ നാലോ മത്സരങ്ങള്‍ നഷ്ടമാകും.