Rohit Sharma: പ്‌ലേ ഓഫ് കണ്ടാല്‍ മുട്ടിടിക്കും, രോഹിത് മുംബൈയ്ക്ക് ബാധ്യത

അഭിറാം മനോഹർ| Last Modified ശനി, 27 മെയ് 2023 (10:51 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ദയനീയമായാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 171 റണ്‍സിന് ഓളൗട്ടായിരുന്നു. മത്സരത്തില്‍ 7 പന്തില്‍ 8 റണ്‍സ് മാത്രം നേടിയാണ് മുംബൈ നായകന്‍ മടങ്ങിയത്.

പ്ലേ ഓഫിലെ മോശം പ്രകടനത്തിനെ പിന്നാലെ രോഹിത്തിന് പ്ലേ ഓഫില്‍ മോശം പ്രകടനമാണുള്ളതെന്ന് കണക്കുകള്‍ കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഒരു നായകനെന്ന മികവ് ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിത് ടീമിന് ബാധ്യതയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുവരെ കളിച്ച 21 പ്ലേ ഓഫ് മത്സരങ്ങളില്‍ 15 ശരാശരിയില്‍ 316 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. സ്‌െ്രെടക്ക്‌റേറ്റാകട്ടെ വെറും 106. ഇനിയും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ രോഹിത് വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആരാധകര്‍ ഉപദേശിക്കുന്നു.

ഐപിഎല്ലില്‍ ഒരു സീസണില്‍ മാത്രമാണ് രോഹിത് 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളതെന്നും മികച്ച നായകനാണെന്ന് സമ്മതിച്ചാല്‍ പോലും ഐപിഎല്ലില്‍ താരത്തെ ഇതിഹാസമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും താരത്തിന്റെ ബാറ്റിംഗ് കണക്കുകള്‍ വെച്ച് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നു. ഇത്ര മികച്ച ഒരു ബാറ്റിംഗ് പിച്ച് കിട്ടിയിട്ടും തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയമായിട്ടും രോഹിത് ടീമില്‍ കടിച്ചുതൂങ്ങുകയാണെന്നും മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റി സൂര്യകുമാറിനെ നായകനാക്കണമെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :