അഭിറാം മനോഹർ|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (16:46 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റെന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള പോരാട്ടങ്ങളായിരിക്കും. ഐപിഎല്ലിലെ ഏറ്റവും വമ്പന്‍ ടീമുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരു ടീമുകളും അഞ്ച് തവണ വീതമാണ് ഐപിഎല്‍ ട്രോഫി വീതം വെച്ചിട്ടുള്ളത്. രണ്ട് ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള മത്സരം എന്നത് പോലെ തന്നെ രണ്ട് നായകന്മാര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ചെന്നൈയും മുംബൈയും തമ്മില്‍ നടന്നിരുന്നത്.
കഴിഞ്ഞ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായതോടെയാണ് അഞ്ച് ഐപിഎല്‍ കിരീടങ്ങളെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈ എത്തിയത്. ഇക്കുറി രോഹിത് ശര്‍മയുടെ നായകസ്ഥാനം ഐപിഎല്ലിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഈ ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളെന്ന രോഹിത്തിന്റെ നേട്ടം മറികടക്കാന്‍ ചെന്നൈ നായകനായ ധോനിക്ക് മുന്നില്‍ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിന് തൊട്ട് തലേ ദിവസമാണ് ധോനി നായകസ്ഥാനത്ത് നിന്നും മാറിയിരിക്കുന്നത്. ഇതോടെ ഐപിഎല്‍ കിരീടനേട്ടത്തില്‍ നായകനെന്ന നിലയില്‍ ധോനിയും രോഹിത്തും സമനില പാലിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
നായകനെന്ന നിലയില്‍ 2010,2011,2018,2021,2023 വര്‍ഷങ്ങളിലെ കിരീടങ്ങളാണ് ധോനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടികൊടുത്തത്. 2018 ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്ക് 2 കിരീടവും മുംബൈയ്ക്ക് 3 കിരീടങ്ങളും ഉണ്ടായിരുന്നു. 2021 സീസണീല്‍ ഇത് മുംബൈയ്ക്ക് അഞ്ചും ചെന്നൈയ്ക്ക് 3 കിരീടങ്ങളും എന്ന നിലയിലെത്തിയിരുന്നു. എന്നിട്ടും 2023ല്‍ രോഹിത്തിനൊപ്പമെത്താന്‍ ധോനിക്ക് സാധിച്ചു. നായകനെന്ന നിലയില്‍ 2013,2015,2017,2019,2020 വര്‍ഷങ്ങളിലാണ് രോഹിത് ഐപിഎല്‍ സ്വന്തമാക്കിയത്.