അഭിറാം മനോഹർ|
Last Modified ബുധന്‍, 31 മെയ് 2023 (16:32 IST)
ഐപിഎല്‍ 2023 സീസണിലെ ഫൈനലില്‍ മത്സരത്തില്‍ ഗുജറാത്ത് റ്റൈറ്റന്‍സിനെതിരെ ചെന്നൈ താരം അമ്പാട്ടി റായുഡു നേടിയ സിക്‌സാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഷോട്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മെല്‍ബണിലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാട് കോലി നേടിയ ഐതിഹാസികമായ സിക്‌സിന് സമാനമായിരുന്നു റായുഡുവിന്റെ സിക്‌സെന്നും കൈഫ് വ്യക്തമാക്കി.
മത്സരത്തില്‍ അവസാന 2 പന്തില്‍ ഒരു സിക്‌സും ഒരു ഫോറുമായി രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ മത്സരത്തില്‍ 8 പന്തില്‍ നിന്നും 19 റണ്‍സുമായി റായുഡുവാണ് ഗുജറാത്തിന്റെ കൈയ്യിലുണ്ടായിരുന്ന മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. മത്സരത്തില്‍ താരം നേരിട്ട ആദ്യ 3 പന്തില്‍ മോഹിത് ശര്‍മക്കെതിരെ 16 റണ്‍സാണ് റായുഡു നേടിയത്. ആ ഘട്ടത്തില്‍ വളരെ പ്രാധാന്യമുള്ള ഇന്നിങ്ങ്‌സായിരുന്നു റായുഡുവിന്റെതെന്നും തന്റെ ഐപിഎല്‍ കരിയര്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ താരത്തിന് സാധിച്ചുവെന്നും കൈഫ് പറഞ്ഞു.