Mollywood: 4 മാസം കൊണ്ട് 900 കോടി!, മലയാള സിനിമ എങ്ങനെ ഇത്ര സെറ്റപ്പായി

Malayalam Cinema
Malayalam Cinema
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 29 ഏപ്രില്‍ 2024 (12:34 IST)
ആദ്യ നാലുമാസങ്ങള്‍ പിന്നിടുമ്പോള്‍ തിയേറ്റര്‍ കളക്ഷന്‍ മാത്രമായി 900 കോടി രൂപ കൊയ്ത് മലയാള സിനിമ. നാല് സിനിമകളാണ് ഈ കാലയളവില്‍ തിയേറ്ററുകളില്‍ നിന്നും 100 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തത്. 236 കോടി രൂപ കളക്ട് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സാണ് മലയാള സിനിമയിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റ്. ആടുജീവിതം 150 കോടിയും പ്രേമലു 136 കോടിയും കളക്റ്റ് ചെയ്തു. 113 കോടിയുമായി മികച്ച കളക്ഷനാണ് ആവേശത്തിനും ലഭിക്കുന്നത്. ഇവ കൂടാതെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഭ്രമയുഗം,എബ്രഹാം ഓസ്ലര്‍ തുടങ്ങി പിന്നെയും ഹിറ്റ് ചിത്രങ്ങള്‍ ഈ വര്‍ഷമുണ്ടായി. 70 സിനിമകളാണ് ഈ നാലുമാസത്തിനിടെ മലയാളത്തില്‍ റിലീസ് ചെയ്തത്.

2023ല്‍ 220 സിനിമകള്‍ റിലീസ് ചെയ്തതില്‍ 16 സിനിമകള്‍ മാത്രമാണ് വിജയിച്ചിരുന്നത്. അതില്‍ അഞ്ച് സിനിമകള്‍ മാത്രമാണ് വലിയ ഹിറ്റുകളായി മാറിയത്. 2023ലെ മൊത്തം തിയേറ്റര്‍ കളക്ഷന്‍ പോലും ഈ വര്‍ഷത്തെ നാല് മാസ കളക്ഷനോളമില്ല. ഒടിടി കച്ചവടമാണ് പല സിനിമകളെയും കഴിഞ്ഞ വര്‍ഷം നഷ്ടത്തില്‍ നിന്നും രക്ഷിച്ചത്. 2024ലേക്ക് എത്തുമ്പോള്‍ കേരളത്തിന് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ എത്താനായതാണ് 100 കോടി ക്ലബില്‍ മലയാള സിനിമകള്‍ തുടര്‍ച്ചയായി എത്തുന്നതിന് കാരണം. തെന്നിന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും മികച്ച സിനിമകള്‍ ഇറങ്ങാതിരുന്നതും മലയാള സിനിമയ്ക്ക് ഗുണം ചെയ്തു.

തെലങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രേമലു വലിയ തരംഗം ഉണ്ടാക്കിയിരുന്നു. മഞ്ഞ്മ്മല്‍ ബോയ്‌സ് കേരളം ഒഴികെയുള്ള മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേടിയത് 75 കോടി രൂപയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഈ വിജയം പുതിയ മലയാളം സിനിമകള്‍ക്ക് ഒരു മാര്‍ക്കറ്റ് തുറന്നിടുകയും ചെയ്തു. പുതിയ സിനിമകള്‍ തമിഴില്‍ വരാത്തതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം തുടങ്ങിയ സിനിമകള്‍ വലിയ തോതില്‍ കേരളത്തിന് പുറത്തും സ്വീകരിക്കപ്പെട്ടു. തുടര്‍ച്ചയായി മികച്ച സിനിമകള്‍ വരുന്നതും പുതിയ മാര്‍ക്കറ്റുകള്‍ മുന്നില്‍ തുറന്നിട്ടതും 100 കോടി ക്ലബുകള്‍ ഈ വര്‍ഷം ഇനിയും മലയാള സിനിമയില്‍ സംഭവിക്കുമെന്ന സൂചനയാണ്. ബറോസ്,ടര്‍ബോ,നടികര്‍,എമ്പുരാന്‍ തുടങ്ങി നിരവധി വലിയ സിനിമകളാണ് മലയാളത്തില്‍ ഈ വര്‍ഷം റിലീസ് കാത്തുനില്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :