Kolkata Knight Riders: റിങ്കുവിനും രക്ഷിക്കാനായില്ല; കൊല്‍ക്കത്തയ്ക്ക് മൂന്നാം തോല്‍വി
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി
രേണുക വേണു|
Last Modified ചൊവ്വ, 8 ഏപ്രില്‍ 2025 (21:05 IST)
Kolkata Knight Riders
Kolkata Knight Riders: സീസണിലെ മൂന്നാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നാല് റണ്‍സിനാണ് ആതിഥേയരുടെ തോല്‍വി. ലഖ്‌നൗ താരം നിക്കോളാസ് പൂറാനാണ് കളിയിലെ താരം.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 234 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നായകന്‍ അജിങ്ക്യ രഹാനെ (35 പന്തില്‍ 61), വെങ്കടേഷ് അയ്യര്‍ (29 പന്തില്‍ 45) എന്നിവരുടെ ഇന്നിങ്‌സും റിങ്കു സിങ്ങിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടും (15 പന്തില്‍ പുറത്താകാതെ 38) പാഴായി. സുനില്‍ നരെയ്ന്‍ 13 പന്തില്‍ 30 റണ്‍സെടുത്ത് കൊല്‍ക്കത്തയ്ക്കു മികച്ച തുടക്കം നല്‍കിയതാണ്. ലഖ്‌നൗവിനായി ആകാശ് ദീപും ശര്‍ദുല്‍ താക്കൂറും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ആവേശ് ഖാന്‍, ദിഗ്വേഷ് സിങ് രതി, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നിക്കോളാസ് പൂറാന്‍ പതിവ് ബാറ്റിങ് ശൈലി ആവര്‍ത്തിച്ചപ്പോള്‍ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 36 പന്തില്‍ പുറത്താകാതെ 87 റണ്‍സാണ് പൂറാന്‍ നേടിയത്. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങിയതാണ് പൂറാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. മിച്ചല്‍ മാര്‍ഷ് (48 പന്തില്‍ 81), ഏദന്‍ മാര്‍ക്രം (28 പന്തില്‍ 47) എന്നിവരും ലഖ്‌നൗവിനായി തിളങ്ങി.
അഞ്ച് മത്സരങ്ങളില്‍ മൂന്ന് തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ മൂന്ന് ജയത്തോടെ ലഖ്‌നൗ നാലാമതുണ്ട്.