അഭിറാം മനോഹർ|
Last Modified വെള്ളി, 10 മെയ് 2024 (12:39 IST)
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലും വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കോലി ബാറ്റിംഗിലും ഫീല്‍ഡിലും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ആവേശകരമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു.47 പന്തില്‍ 92 റണ്‍സുമായി ആര്‍സിബി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോലി കളിക്കളത്തില്‍ കാണിക്കുന്ന അഗ്രഷനിലും ഇന്നലെ ഒരു കുറവും ഉണ്ടായിരുന്നില്ല.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി കോലിയുടെയും രജത് പാട്ടീദാറിന്റെയും പ്രകടനങ്ങളുടെ മികവില്‍ 241 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ജോണി ബെയര്‍സ്റ്റോയും റിലി റൂസ്സോയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.27 റണ്‍സെടുത്ത ബെയര്‍സ്റ്റോ പുറത്തായ ശേഷവും അടി തുടര്‍ന്ന റിലി റൂസ്സോ മത്സരത്തില്‍ 27 പന്തില്‍ 61 റണ്‍സാണ് നേടിയത്. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ബാറ്റ് ഗണ്‍ പോലെ ഉയര്‍ത്തി ഫയര്‍ ചെയ്തുകൊണ്ടാണ് റിലി റൂസ്സോ ആഘോഷിച്ചത്. ഈ ആഘോഷത്തിനുള്ള മറുപടി മത്സരത്തില്‍ കോലി നല്‍കുകയും ചെയ്തു.
റിലി റൂസ്സോ പുറത്തായത് പിന്നാലെയാണ് കോലിയും ഗണ്‍ ഫയര്‍ രീതിയില്‍ ആഘോഷം നടത്തിയത്. ആര്‍സിബിക്കെതിരെ പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം അസ്തമിച്ചു. നേരത്തെ കോലിയുടെ 92, രജത് പാട്ടീദാര്‍(55),കാമറൂണ്‍ ഗ്രീന്‍(46) എന്നിവരുടെ മികവിലാണ് ആര്‍സിബി 241 റണ്‍സ് അടിച്ചെടുത്തത്. മത്സരത്തില്‍ പൂജ്യത്തില്‍ നില്‍ക്കെ കോലിയുടെയും രജത് പാട്ടീധാറിന്റെയും ക്യാച്ചുകള്‍ പഞ്ചാബ് ഫീല്‍ഡര്‍മാര്‍ കൈവിട്ടുരുന്നു. ഇത് മത്സരത്തില്‍ നിര്‍ണായകമായി.