അഭിറാം മനോഹർ|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (10:08 IST)
2025 ഐപിഎല്‍ സീസണില്‍ ലഖ്‌നൗവിന്റെ റിട്ടെന്‍ഷന്‍ ഓഫര്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കെ എല്‍ രാഹുല്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. രാഹുലിനെ അടുത്ത സീസണില്‍ ടീമില്‍ നിലനിര്‍ത്തുന്നതില്‍ ലഖ്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനും മെന്ററായ സഹീര്‍ ഖാനും താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ പ്രകാരം കെ എല്‍ രാഹുലാണ് ലഖ്‌നൗവിന്റെ ഓഫര്‍ നിരസിച്ചിരിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍എസ്ജി ഉടമകളുടെ യോഗത്തില്‍ കെ എല്‍ രാഹുലും പങ്കെടുത്തിരുന്നു. എന്നാല്‍ ടീമില്‍ തുടരുമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ല എന്നതാണ് രാഹുല്‍ അറിയിച്ചത് എന്നാണ് അറിയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ടീമുകള്‍ അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്ന ഘട്ടത്തിലാണ് ലഖ്‌നൗ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിനിടെ കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്ക പരസ്യമായി തന്നെ നീരസം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ടീമില്‍ തുടരുമോ എന്ന് വ്യക്തമല്ല.
നിലവില്‍ ഇന്ത്യയുടെ യുവപേസറായ മായങ്ക് യാദവ്, വെസ്റ്റിന്‍ഡീസ് താരമായ നിക്കോളാസ് പൂരാന്‍ എന്നിവരെയാണ് ലഖ്‌നൗ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അണ്‍ ക്യാപ്ഡ് താരങ്ങളെന്ന നിലയില്‍ യുവതാരങ്ങളായ ആയുഷ് ബദോനി,മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയും ടീം നിലനിര്‍ത്തും.