അഭിറാം മനോഹർ|
Last Modified ഞായര്‍, 3 നവംബര്‍ 2024 (16:53 IST)
ഐപിഎല്‍ 2025ന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളുടെ പട്ടികയില്‍ നിന്നും ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍ പുറത്തായിരുന്നു. 2024ലെ ഐപിഎല്ലില്‍ ടീമിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു താരം നടത്തിയത്. 2021 മുതല്‍ കൊല്‍ക്കത്തയുടെ ഭാഗമായതിനാല്‍ ടീം നിലനിര്‍ത്തുന്ന താരങ്ങളില്‍ ഉള്‍പ്പെടാത്തത് വലിയ നിരാശയുണ്ടാക്കിയതായാണ് വെങ്കിടേഷ് അയ്യര്‍ പറയുന്നത്.
കെകെആര്‍ എന്നത് ഒരു കുടുംബം പോലെയാണ്. 16 അല്ലെങ്കില്‍ ഇരുപതോ ഇരുപത്തഞ്ചോ കളിക്കാരുടെ കൂട്ടം മാത്രമല്ല. ടീം മാനേജ്‌മെന്റും സ്റ്റാഫുകളുമെല്ലാം കളിക്കാരുമായി അങ്ങനെയുള്ള ബന്ധമാണ് പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ റിട്ടെന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേര് വന്നില്ല എന്നത് നനഞ്ഞ കണ്ണുകളോടെയാണ് എനിക്ക് സ്വീകരിക്കാനായുള്ളു. റെവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കിടേഷ് അയ്യര്‍ പറഞ്ഞു. അതേസമയം താരലേലത്തില്‍ കൊല്‍ക്കത്ത തന്നെ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയും വെങ്കിടേഷ് അയ്യര്‍ പങ്കുവെച്ചു.
2021ലെ ഐപിഎല്‍ സീസണില്‍ ഫൈനല്‍ വരെ എത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വെങ്കിടേഷ് അയ്യര്‍ വഹിച്ചത്. 2024ല്‍ ടീം ഐപിഎല്‍ സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ വിജയറണ്‍സ് നേടിയതും വെങ്കിടേഷ് അയ്യരായിരുന്നു. അതേസമയം കെകെആര്‍ മികച്ച റിട്ടെന്‍ഷന്‍ തന്നെയാണ് 2025നായി നടത്തിയതെന്നും ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്താനാവുന്ന താരങ്ങളെ കൊല്‍ക്കത്ത ടീമില്‍ എടുത്തിട്ടുണ്ടെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.