അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (16:01 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകം ഏറ്റവും ചര്‍ച്ച ചെയ്തത് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിവരുന്നതായുള്ള വാര്‍ത്തയാണ്. ആദ്യം ഒരു അഭ്യൂഹമായി മാത്രമെ വാര്‍ത്ത വന്നുള്ളുവെങ്കിലും ക്രികിന്‍ഫോ അടക്കമുള്ള ഏജന്‍സികള്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി.
കഴിഞ്ഞ ദിവസം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഗുജറാത്ത് നിരയില്‍ ഹാര്‍ദ്ദിക് ഉണ്ടായിരുന്നുവെങ്കിലും താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതായാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ഈ വാര്‍ത്തകളുടെയൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ടീമുകള്‍ തമ്മിലുള്ള ഇടപാടുകളെ പറ്റിയുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഐപിഎല്‍ സീസണ്‍ അവസാനിച്ച് ഒരു മാസം കഴിയുന്നതോടെയാണ് ട്രേഡ് വിന്‍ഡോ ആരംഭിക്കുക തുടര്‍ന്ന് ഐപിഎല്‍ താരലേലത്തിന് ഒരാഴ്ച മുന്‍പ് ഈ വിന്‍ഡോ അവസാനിക്കുകയും ചെയ്യും. ഡിസംബര്‍ 19നാണ് ഇത്തവണ താരലേലം നടക്കുന്നത്. അതിനാല്‍ ട്രേഡ് വിന്‍ഡൊ ഡിസംബര്‍ 12ന് അവസാനിക്കും. എന്നാല്‍ ഇത്തവണ ലേലത്തിന് മുന്‍പുള്ള ഈ ബ്രേക്ക് കഴിഞ്ഞ് ലേലം കഴിഞ്ഞും ട്രേഡ് വിന്‍ഡോ തുടരും. ഐപിഎല്‍ സീസണിന്റെ കൃത്യം ഒരു മാസം മുന്‍പ് വരെ വിന്‍ഡോ ഓപ്പണ്‍ ആയിരിക്കും. അതിനാല്‍ തന്നെ ഈ കാലം വരെ താരങ്ങളെ പരസ്പരം കൈമാറ്റം ചെയ്യാന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും.