അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (16:19 IST)
ഐപിഎല്‍ റണ്‍വേട്ടക്കര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആര്‍സിബി താരം വിരാട് കോലി. ഇന്നലെ 44 പന്തില്‍ നിന്നും 70 റണ്‍സാണ് കോലി നേടിയത്. ഇതോടെ 10 കളികളില്‍ നിന്നും 500 റണ്‍സ് കോലി ടൂര്‍ണമെന്റില്‍ സ്വന്തമാക്കി. ഇത് ഏഴാം തവണയാണ് ഐപിഎല്ലില്‍ കോലി ഒരു സീസണില്‍ അഞ്ഞൂറിലധികം റണ്‍സ് സ്വന്തമാക്കുന്നത്. കോലിയ്‌ക്കൊപ്പം സുദര്‍ശനും റുതുരാജും ഇന്നലെ തിളങ്ങിയതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ നാലാം സ്ഥാനത്തേക്ക് വീണു.
ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ 98 റണ്‍സുമായി തിളങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്ക്വാദാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ നിന്നും 447 റണ്‍സാണ് താരത്തിനുള്ളത്. ഇന്നലെ ഹൈദരാബാദിനെതിരെ 54 പന്തില്‍ 98 റണ്‍സാണ് താരം നേടിയത്. ആര്‍സിബിക്കെതിരെ 49 പന്തില്‍ 84 റണ്‍സുമായി തിളങ്ങിയ ജിടി താരം സായ് സുദര്‍ശനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്നും 418 റണ്‍സാണ് താരത്തിനുള്ളത്. 9 മത്സരങ്ങളില്‍ നിന്നും 378 റണ്‍സുള്ള ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലാണ് ലിസ്റ്റില്‍ അഞ്ചാമതുള്ളത്.