ഐപിഎല്‍: ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:24 IST)

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി മഹേന്ദ്രസിങ് ധോണി ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി നിലവില്‍ ഐപിഎല്‍ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയാണ് ധോണി. എന്നാല്‍, ഈ സീസണില്‍ ടീം എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിഗത പ്രകടനത്തില്‍ ധോണി ആരാധകരെ നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ നിന്നായി ധോണി ആകെ നേടിയിരിക്കുന്നത് 52 റണ്‍സ് മാത്രമാണ്. ബാറ്റിങ് ശരാശരിയാകട്ടെ 12 ല്‍ താഴെ. വ്യക്തിഗത പ്രകടനത്തില്‍ അങ്ങേയറ്റം നിരാശനായ ധോണി ഐപിഎല്ലില്‍ നിന്നും ഉടന്‍ വിരമിക്കുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ സീസണ്‍ അവസാനിക്കുന്നതോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ മഹാലേലത്തില്‍ ധോണിയുണ്ടാകില്ല. ബാറ്റിനും പാഡിനുമിടയില്‍ വലിയ വിടവാണ് ധോണി ബാറ്റ് ചെയ്യുമ്പോള്‍ ഉള്ളതെന്നും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ റിഫ്‌ളക്‌സ് പൂര്‍ണമായി നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ഹോഗ് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജര്‍ സ്ഥാനത്ത് ധോണിയെ കാണാന്‍ സാധ്യതയുണ്ടെന്നും ഹോഗ് സൂചിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :