രേണുക വേണു|
Last Modified ഞായര്‍, 29 മെയ് 2022 (22:01 IST)
ഐപിഎല്‍ ഫൈനലില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിനെ എറിഞ്ഞൊതുക്കി ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ യഷസ്വി ജയ്സ്വാളിനെ നഷ്ടപ്പെട്ടതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി. സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് ആയപ്പോഴാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. അവസാനം നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടാനേ രാജസ്ഥാന് സാധിച്ചുള്ളൂ.
ജോസ് ബട്ലര് 35 പന്തില്‍ 39 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവനകളൊന്നും രാജസ്ഥാന് വേണ്ടി നല്കാന് സാധിച്ചില്ല. ജയ്സ്വാള്‍ 22 റണ്‍സും റിയാന്‍ പരാഗ് 15 റണ്‍സും നേടി പുറത്തായി.
ഗുജറാത്തിനു വേണ്ടി നായകന് ഹാര്‍ദിക് പാണ്ഡ്യ പന്ത് കൊണ്ട് മിന്നും പ്രകടനം നടത്തി. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍ ! ബട്ലര്, സഞ്ജു സാംസണ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരെയാണ് ഹാര്‍ദിക് പുറത്താക്കിയത്. സായ് കിഷോര്‍ രണ്ട് വിക്കറ്റും റാഷിദ് ഖാന്, യാഷ് ദയാല്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.