അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 നവംബര്‍ 2024 (19:14 IST)
ഐപിഎല്‍ താരലേലം ഓരോ തവണ അവസാനിക്കുമ്പോഴും പുതിയ താരങ്ങളുടെ പേരുകള്‍ ചര്‍ച്ചയാകാറുണ്ട്. പല യുവതാരങ്ങള്‍ക്കും വേണ്ടി ടീമുകള്‍ കോടികള്‍ മുടക്കുന്നതോടെയാണ് പെട്ടെന്ന് ഒരുദിവസം പുതിയ താരം എത്തിയതായി ആരാധകരും അറിയുന്നത്. അത്തരത്തില്‍ ഐപിഎല്ലില്‍ ടീമുകള്‍ തമ്മില്‍ ഇത്തവണ മത്സരിച്ചത് പഞ്ചാബ് കിംഗ്സ് 3.8 കോടിയ്ക്ക് സ്വന്തമാക്കിയ പ്രിയാന്‍ഷ് ആര്യയ്ക്ക് വേണ്ടിയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ആര്‍സിബി,പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളാണ് യുവതാരത്തിനായി രംഗത്തെത്തിയത്.
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ തവണ 608 റണ്‍സുമായി സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍ ആയിരുന്നത് പ്രിയാന്‍ഷ് ആര്യയായിരുന്നു. ടൂര്‍ണമെന്റില്‍ 30 പന്തില്‍ 57, 51 പന്തില്‍ 82, 32 പന്തില്‍ 53, 55 പന്തില്‍ 107, 42 പന്തില്‍ 88 എന്നീ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂടാതെ 50 പന്തില്‍ നിന്നും പ്രിയാന്‍ഷ് ആര്യ 120 റണ്‍സ് നേടിയ മത്സരത്തില്‍ മനാന് ഭരദ്വാജിന്റെ ഒരോവറില്‍ 6 സിക്സുകളാണ് താരം പറത്തിയത്.ഈ ഇന്നിങ്ങ്സാണ് താരത്തെ ഇത്തവണ ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.
ടൂര്‍ണമെന്റിലെ 10 മത്സരങ്ങളില്‍ നിന്നും 67.56 ശരാശരിയില്‍ 608 റണ്‍സാണ് പ്രിയാന്‍ഷ് അടിച്ചുകൂട്ടിയത്. 198.69 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. കൂടാതെ ഈ 10 ഇന്നിങ്ങ്സുകളില്‍ നിന്നും 43 സിക്സുകളാണ് താരം സ്വന്തമാക്കിയത്. ഗൗതം ഗംഭീറിന്റെ പഴയ കോച്ചായിരുന്ന സഞ്ജയ് ഭരദ്വാജാണ് പ്രിയാന്‍ഷിന്റെ പരിശീലകന്.