അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (14:49 IST)
Mumbai Indians,Rajasthan Royals
ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ ഹോം ഗ്രൗണ്ട് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രോഹിത് ശര്‍മ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് മുംബൈ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത്. അതിനാല്‍ തന്നെ ആരാധകരില്‍ നിന്നും ഹാര്‍ദ്ദിക്കിന് നേരെ കൂവലടക്കമുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സീസണില്‍ കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെട്ടാണ് മുംബൈയുടെ വരവ്. 2 മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ മുംബൈക്കെതിരെയും വിജയിച്ച് ടേബിള്‍ ടോപ്പറാകാനാണ് ഇന്ന് ലക്ഷ്യമിടുന്നത്.
ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടം കാഴ്ചവെയ്ക്കാന്‍ മുംബൈയ്ക്കായിരുന്നു. രാജസ്ഥാനെതിരെ ഇന്ന് ഇറങ്ങുമ്പോള്‍ ബൗളിംഗില്‍ കഴിഞ്ഞ മത്സരങ്ങളിലേത് പോലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ മുതിരുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരുടെ കരുത്തിലാണ് കഴിഞ്ഞ മത്സരങ്ങളില്‍ രാജസ്ഥാന്‍ വിജയിച്ചത്. ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറും യശ്വസി ജയ്‌സ്വാളും ഫോം കണ്ടെത്തുകയാണെങ്കില്‍ രാജസ്ഥാന്‍ സീസണിലെ തന്നെ ഏറ്റവും അപകടകരമായ ബാറ്റിംഗ് ലൈനപ്പുള്ള ടീമായി മാറും. മധ്യനിരയില്‍ ധ്രുവ് ജുറലും, ഹെറ്റ്മയറുമുള്ള ബാറ്റിംഗ് നിര ശക്തമാണ്.
ട്രെന്‍ഡ് ബോള്‍ട്ടിനൊപ്പം നാന്ദ്രെ ബര്‍ഗറും ആവേശ് ഖാനുമുള്ള പേസ് നിര മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാഴ്ചവെച്ചത്. സ്പിന്നര്‍മാരായി പരിചയസമ്പന്നരായ യൂസ്വേന്ദ്ര ചാഹലും അശ്വിനും ഉള്ളത് ടീമിനെ കൂടുതല്‍ അപകടകരമാക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു നടത്തുന്ന ഇടപെടലുകളും ഇതുവരെ ഫലപ്രദമാണ്.