അഭിറാം മനോഹർ|
Last Modified വ്യാഴം, 21 നവംബര്‍ 2024 (16:16 IST)
ഇന്ത്യന്‍ ടീമില്‍ ഏറെക്കാലമായി സാന്നിധ്യമറിയിക്കുന്ന താരമാണെങ്കിലും മലയാളി താരമായ സഞ്ജു സാംസണിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത് ടീം ഓപ്പണറായുള്ള റോള്‍ മാറ്റമായിരുന്നു. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ 3 സെഞ്ചുറികളാണ് ഓപ്പണിംഗ് റോളിലെത്തി സഞ്ജു സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്‍ പത്ത് വര്‍ഷക്കാലമായി സഞ്ജു ഇപ്പോഴും രാജസ്ഥാന്റെ ഓപ്പണിംഗ് ബാറ്ററല്ല.
ഇപ്പോഴിതാ ഓപ്പണിംഗ് റോളില്‍ സഞ്ജു തിളങ്ങുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ ഓപ്പണിംഗില്‍ കളിപ്പിക്കണമെന്ന് താന്‍ മുന്‍പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായുഡു. രാജസ്ഥാനില്‍ ജയ്‌സ്വാളിനൊപ്പം സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് ഞാന്‍ മുന്‍പ് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മൂന്നാം നമ്പറില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്താറുള്ളത്. അതിനാല്‍ തന്നെ ഓപ്പണിംഗ് റോളിലും തിളങ്ങാന്‍ സഞ്ജുവിനാകും.
ഇക്കാര്യം ഞാന്‍ പറഞ്ഞെങ്കിലും രാജസ്ഥാന്‍ അത് ചെവികൊണ്ടില്ല. 20 ഓവറും ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. പ്ലേ ഓഫില്‍ കടക്കാന്‍ ഈ കഴിവ് നിര്‍ണായകമാണ്. എന്നാല്‍ ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് അവര്‍ ഓപ്പണറാക്കിയത്. ആ തീരുമാനം അവരുടെ സീസണ്‍ തന്നെ ഇല്ലാതെയാക്കി. അക്കാര്യം ഇപ്പോഴും വേദനിപ്പിക്കുന്നു. റായുഡു കൂട്ടിചേര്‍ത്തു.