അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (18:11 IST)
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആദ്യ 3 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഏറ്റവും ശക്തമായ നിരയുമായാണ് മുംബൈ കളിക്കുന്നതെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിലെയും തോല്‍വി മുംബൈയുടെ ഐപിഎല്‍ സാധ്യതകളെ ബാധിക്കുന്നതാണ്. എന്നാല്‍ ഈ തോല്‍വികളില്‍ നിരാശരാകരുതെന്നും മുംബൈ ഇന്ത്യന്‍സ് പോരാളികളുടെ സംഘവുമാണെന്നാണ് മത്സരശേഷം മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ പറയുന്നു.
ഈ ടീമിനെക്കുറിച്ച് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്. ഒരിക്കലും പ്രതീക്ഷ കൈവിടില്ല, പോരാട്ടം തുടരും, മുന്നോട്ട് തന്നെ പോകും എന്നതായിരുന്നു മത്സരശേഷം ഹാര്‍ദ്ദിക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്. മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശര്‍മയെ തിരികെകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹാര്‍ദ്ദിക്കിന്റെ പോസ്റ്റ്. ആദ്യ 2 എവേ മത്സരങ്ങളില്‍ വലിയ കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദ്ദിക്കിനെ വരവേറ്റത്. മുംബൈയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലും ആരാധകര്‍ രോഹിത് ശര്‍മ ചാന്റുകളുമായും ഹാര്‍ദ്ദിക്കിനെതിരായ കൂവലുകളുമായി രംഗത്ത് വന്നിരുന്നു. ടോസ് സമയത്ത് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആരാധകരോട് അല്പമെങ്കിലും മര്യാദയോടെ പെരുമാറു എന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇതിലും കൂവലായിരുന്നു ആരാധകരുടെ മറുപടി. എന്നാല്‍ ഈ കൂവലുകളെയെല്ലാം ചിരിച്ച മുഖവുമായാണ് ഹാര്‍ദ്ദിക് നേരിട്ടത്.