അഭിറാം മനോഹർ|
Last Modified ഞായര്‍, 23 മാര്‍ച്ച് 2025 (18:21 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം പുരോഗമിക്കെ താത്കാലിക രാജസ്ഥാന്‍ നായകനായ റിയാന്‍ പരാഗിനെതിരെ ആരാധകര്‍. മത്സരത്തിലെ ടോസ് തീരുമാനം മുതല്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ന്യൂ ബോള്‍ നല്‍കാതിരുന്നതും ഇഷാന്‍ കിഷനായി സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്താതിരുന്നതും അടക്കം നിരവധി വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഒരു ഗെയിം പ്ലാനും റിയാന്‍ പരാഗിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു. പലപ്പോഴും ചോരുന്ന കൈകളുമായാണ് രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ നിന്നിരുന്നത്. ടീമിനാകെ ഈ ആത്മവിശ്വാസമില്ലായ്മ പ്രകടനമായിരുന്നു. ന്യൂബോളില്‍ അപകടകാരിയായ ആര്‍ച്ചറിനെ ആദ്യ ഓവറുകള്‍ നല്‍കാന്‍ റിയാന്‍ പരാഗ് തയ്യാറായില്ല. ഇഷാന്‍ കിഷന്‍ ബാറ്റിംഗിനെത്തിയപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തിയില്ല എന്നതടക്കം ഒട്ടേറെയാണ് കിഷനെതിരായ ആരാധകരുടെ പരാതികള്‍.
അതേസമയം ബാറ്റിംഗില്‍ 287 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കെ ബാറ്റിംഗിനിറങ്ങിയ റിയാന്‍ പരാഗ് നിരുത്തരവാദപരമായ ഷോട്ട് കളിച്ച് വിക്കറ്റ് സമ്മാനിച്ചിരുന്നു. ഇത് രാജസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.