രേണുക വേണു|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (09:22 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ആരാധകരും രംഗത്തും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനു തോറ്റതിനു പിന്നാലെയാണ് ട്വിറ്ററില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ മുംബൈ ആരാധകര്‍ പോലും രംഗത്തെത്തിയിരിക്കുന്നത്. ജയദേവ് ഉനദ്കട്ടിനെ പോലൊരു ബൗളറെ ഡെത്ത് ഓവറുകളില്‍ രണ്ട് ഓവര്‍ പന്തെറിയിപ്പിച്ച തീരുമാനമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ 108/6 എന്ന നിലയിലായിരുന്നു. ആ സമയത്ത് ധോണി ക്രീസില്‍ എത്തിയിട്ടേയുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടത് 24 പന്തില്‍ 48 റണ്‍സായിരുന്നു. 17-ാം ഓവര്‍ എറിയാന്‍ രോഹിത് പന്ത് കൊടുത്തത് ബുംറയ്ക്ക്. മികച്ച രീതിയില്‍ ബുംറ പന്തെറിയുകയും ചെയ്തു. വഴങ്ങിയത് വെറും ആറ് റണ്‍സ്. 18-ാം ഓവര്‍ ഉനദ്കട്ടിന് കൊടുത്തത് മുതല്‍ കളി മുംബൈ കൈവിട്ടു. 18-ാം ഓവറില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 14 റണ്‍സാണ് ഉനദ്കട്ട് വഴങ്ങിയത്. പിന്നീട് 19-ാം ഓവറില്‍ ബുംറ 11 റണ്‍സ് വഴങ്ങുകയും ചെയ്തു. അവസാന ഓവര്‍ എറിയാനെത്തിയ ഉനദ്കട്ടിന് 17 റണ്‍സ് പ്രതിരോധിക്കാന്‍ സാധിച്ചതുമില്ല.
ഉനദ്കട്ടിനെ പോലെ റണ്‍സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ള ബൗളറെ ഡെത്ത് ഓവറുകളിലേക്ക് നീക്കിവെച്ച രോഹിത്തിന്റെ തന്ത്രമാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ബുംറയെ 18, 20 ഓവറുകള്‍ എറിയിപ്പിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നെന്ന് ആരാധകര്‍ പറുന്നു. നല്ല രീതിയില്‍ പന്തെറിഞ്ഞ റിലെ മെറിഡിത്തിനെ ബുംറയ്‌ക്കൊപ്പം ഡെത്ത് ഓവറുകളിലേക്ക് നിയോഗിക്കുകയായിരുന്നു ബുദ്ധിയുള്ള ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ചെയ്യേണ്ടിയിരുന്നെന്നും അഭിപ്രായമുണ്ട്. ഉനദ്കട്ടിന്റെ ഓവറുകള്‍ നേരത്തെ തീര്‍ത്തിരുന്നെങ്കില്‍ ഡെത്ത് ഓവറുകളില്‍ ഇങ്ങനെയൊരു പ്രതിസന്ധി വരില്ലായിരുന്നെന്നും മുംബൈ ആരാധകര്‍ തന്നെ പറയുന്നു.