അഭിറാം മനോഹർ|
Last Modified വ്യാഴം, 5 സെപ്റ്റംബര് 2024 (14:42 IST)
ഐപിഎല്ലിൽ കന്നി കിരീടം സ്വന്തമാക്കിയ ടീമാണെങ്കിലും പിന്നീട് ഒരിക്കൽ പോലും
ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടില്ല. കുമാർ സംഗക്കാര പരിശീലകനായതിന് ശേഷം കൃത്യമായി ഒരു ടീം നിർമിച്ചെടുക്കുന്നതിൽ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണുകളിലെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തിയതെങ്കിലും കിരീടം മാത്രം റോയൽസിന് അന്യം നിന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടികൊടുത്ത പരിശീലകനും മുൻ രാജസ്ഥാൻ താരവുമായ രാഹുൽ ദ്രാവിഡിനെ പാളയത്തിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാൻ.
ഇതോടെ രാജസ്ഥാൻ്റെ കിരീടവരൾച്ചയ്ക്ക് അവസാനമാകുമോ എന്നതാണ് നിലവിൽ ആരാധകർ ചോദിക്കുന്നത്. ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിൻ്റെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോഡും രാജസ്ഥാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട് എന്നതിനാൽ ഇത്തവണ പ്രതീക്ഷകളേറെയാണ്. ഐപിഎം മെഗാ താരലേലം കൂടി നടക്കാനിരിക്കെ സന്തുലിതമായ ടീമിനെ തന്നെയാകും ദ്രാവിഡിനും സംഘത്തിനും ലഭിക്കുക. കളിക്കാരെ ലേലത്തിൽ വിളിച്ചെടുക്കുന്നതിലടക്കം ദ്രാവിഡിൻ്റെ സേവനം ടീമിന് ഉപകാരപ്പെടും.
ഏറെക്കാലമായി സഞ്ജു സാംസണുമായി ദ്രാവിഡിന് അടുപ്പമുണ്ട് എന്നതും ടീമിന് അനുകൂലമായ ഘടകമാണ്. യുവതാരങ്ങളായ ധ്രുവ് ജുറൽ,യശ്വസി ജയ്സ്വാൾ,റിയാൻ പരാഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങളിലും ടീമിന് പ്രതീക്ഷയേറെയാണ്. ഇവർക്കൊപ്പം സഞ്ജു സാംസൺ,, ജോസ് ബട്ട്ലർ എന്നീ പരിചയസമ്പന്നരും അണിനിരക്കുമ്പോൾ ഐപിഎല്ലിൽ ഏത് ടീമിനെയും പരാജയപ്പെടുത്താൻ രാജസ്ഥാന് സാധിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ദ്രാവിഡ് കൂടി ടീമിനൊപ്പം ചേരുമ്പോൾ അത് രാജസ്ഥാന് മുതൽക്കൂട്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.