അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (15:23 IST)
ഐപിഎല്‍ താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കേണ്ട അവസാന തീയ്യതി ഈ മാസം 31 ആണ്. അതിനാല്‍ തന്നെ ഏതെല്ലാം താരങ്ങളെയാകും ടീമുകള്‍ നിലനിര്‍ത്തുക എന്നതറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.
സഞ്ജുവിനെ നായകനാക്കി നിലനിര്‍ത്തികൊണ്ട് ജോസ് ബട്ട്ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നത് ഉറപ്പാണെന്ന്
ആകാശ് ചോപ്ര പറയുന്നു. നിലനിര്‍ത്തുന്ന ആദ്യ പേരുകാരനായി സഞ്ജുവിനെയാണോ അതോ ബട്ട്ലറെയാണോ നിലനിര്‍ത്തുക എന്നതാണ് കണ്ടറിയേണ്ടത്. ആദ്യപേരുകാരന് 18 കോടിയും രണ്ടാമത്തെ പേരുകാരന് 14 കോടിയുമാകും ലഭിക്കുക. മൂന്നാം പേരുകാരനായി ജയ്‌സ്വാളിനെ 11 കോടി നല്‍കി ടീമിന് നിലനിര്‍ത്താം.
നാലാമതായി നിലനിര്‍ത്തുന്ന താരത്തിന് വീണ്ടും 18 കോടി നല്‍കേണ്ടി വരുമെന്നതിനാല്‍ അത് റിയാന്‍ പരാഗാകുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. എന്നാല്‍ പരാഗിന് 18 കൊടി നല്‍കുന്നതിന് പകരം ആര്‍ടിഎം വഴി വിളിച്ചെടുക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ സഞ്ജുവിനെ 18 കോടി നല്‍കി നാലാം പേരുകാരനായി നിലനിര്‍ത്തുകയാണ് രാജസ്ഥാന്‍ ചെയ്യേണ്ടതെന്നും ആകാശ് ചോപ്ര പറയുന്നു. ഇവര്‍ക്ക് പുറമെ ധ്രുവ് ജുറലിനെയാകും ടീം നിലനിര്‍ത്തുകയെന്നും സന്ദീപ് ശര്‍മയെ 4 കോടി നല്‍കി അണ്‍ ക്യാപ്ഡ് പ്ലെയറായി രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നും ആകാശ് ചോപ്ര പറയുന്നു.