അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (15:57 IST)
ഐപിഎല്‍ താരലേലത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് ലേലത്തില്‍ വിളിച്ചെടുത്തതെങ്കിലും താരലേലത്തില്‍ തനിക്കായി പോരാടിയ മുന്‍ ടീമായ സിഎസ്‌കെയോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം ദീപക് ചാഹര്‍. ഐപിഎല്‍ താരലേലത്തില്‍ 9.25 കോടിയ്ക്കാണ് മുംബൈ ദീപക് ചാഹറിനെ വിളിച്ചെടുത്തത്. പേഴ്‌സില്‍ വെറും 13 കോടി മാത്രമുണ്ടായിട്ടും തനിക്കായി 9 കോടി വരെ മുടക്കാന്‍ ചെന്നൈ തയ്യാറായെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും ദീപക് ചാഹര്‍ പറഞ്ഞു.
ചെന്നൈയില്‍ മഹീ ഭായ് തുടക്കം മുതല്‍ എന്നെ പിന്തുണച്ചൊട്ടുണ്ട്. അതിനാല്‍ തന്നെ ചെന്നൈയില്‍ തുടരാനായിരുന്നു ആഗ്രഹം.എന്നാല്‍ ലേലത്തില്‍ രണ്ടാം ദിവസമാണ് എന്റെ പേര് വന്നത്. അപ്പോള്‍ തന്നെ സിഎസ്‌കെയിലേക്ക് തിരിച്ചെത്താന്‍ പ്രയാസമാകുമെന്ന് മനസിലായി. എന്നിട്ടും പേഴ്‌സില്‍ 13 കോടി മാത്രമുണ്ടായിട്ടും എനിക്കായി 9 കോടി വരെ ചെന്നൈ ലേലം വിളിച്ചു. ദീപക് ചാഹര്‍ പറഞ്ഞു.
2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായിരുന്ന ദീപക് ചാഹര്‍ ചെന്നൈ ബൗളിംഗ് ആക്രമണത്തിന്റെ അവിഭാജ്യഘടകമായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ദീപക് ചാഹറിന്റെ പ്രകടനങ്ങള്‍ ചെന്നൈയുടെ 3 ഐപിഎല്‍ കിരീടങ്ങളില്‍ നിര്‍ണായകമായിരുന്നു.