അഭിറാം മനോഹർ|
Last Modified വെള്ളി, 3 മെയ് 2024 (15:31 IST)
ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. ഹൈദരാബാദിലെ റണ്ണൊഴുകുന്ന പിച്ചില്‍ സണ്‍റൈസേഴ്‌സിനെ 201 റണ്‍സിന് തളയ്ക്കുവാന്‍ രാജസ്ഥാനായെങ്കിലും മറുപടി ബാറ്റിംഗിനിറയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണ്‍,ജോസ് ബട്ട്ലര്‍ എന്നിവരെ നഷ്ടമായി. യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു ടീമിനെ വിജയത്തിനരികില്‍ വരെയെത്തിച്ചത്. അവസാന 17 പന്തില്‍ 21 മതിയെന്ന നിലയില്‍ രാജസ്ഥാനെത്തിയെങ്കിലും അവസാന പന്തില്‍ ഒരു റണ്‍സിന് മത്സരം കൈവിടുകയായിരുന്നു.
6 വിക്കറ്റുകള്‍ ശേഷിക്കെ 18 പന്തില്‍ 27 റണ്‍സ് വേണമെന്ന നിലയില്‍ രാജസ്ഥാനുള്ളപ്പോള്‍ വമ്പനടിക്കാരായ ഹെറ്റ്‌മെയറും പവലുമാണ് ക്രീസിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ അനായാസകരമായ വിജയമായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവിടെ നിന്നും കാണാനായത് ഹൈദരാബാദ് ബൗളര്‍മാരുടെ മാന്ത്രികപ്രകടനമായിരുന്നു. പതിനെട്ടാം ഓവര്‍ പന്തെറിയാനെത്തിയ നടരാജനെ ആദ്യ പന്തില്‍ തന്നെ ഹെറ്റ്മയര്‍ സിക്‌സ് പറത്തീയെങ്കിലും അടുത്ത 2 പന്തും ഡോട്ട് ബോളുകള്‍. നാലാം പന്തില്‍ ഹെറ്റ്‌മെയറിനെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്റെ ചിരിമാഞ്ഞു.
അടുത്ത രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ഹൈദരാബാദ് വിട്ടുനല്‍കിയത്. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയത് നായകനായ പാറ്റ് കമ്മിന്‍സ്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ധ്രുവ് ജുറലിനെ പുറത്താക്കിയ കമ്മിന്‍സ് ആ ഓവറിലെഞ്ഞത് 3 ഡോട്ട് ബോളുകള്‍. വിട്ടുനല്‍കിയത് വെറും 7 റണ്‍സ് മാത്രം. അവസാന ഓവറില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. പന്തെറിയാനെത്തിയത് മിന്നും ഫോമില്‍ പന്തെറിയുന്ന ഹുവനേശ്വര്‍ കുമാര്‍. അവസാന ഓവറിലെ ആദ്യ 2 പന്തില്‍ നിന്നും ഭുവി കൊടുത്ത 3 റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അടുത്ത 2 പന്തിലുമായി നല്‍കിയത് 4 റണ്‍സ്. ഇതോടെ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാനായി വേണ്ടിയിരുന്നത് വെറും 2 റണ്‍സ്. യോര്‍ക്കര്‍ പ്രതീക്ഷിച്ച പവലിന് ലഭിച്ചത് ലോ ഫുള്‍ടോസ് ആയ്യിരുന്നെങ്കിലും പവലിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതോടെ രാജസ്ഥാന് ഒരു റണ്‍സിന്റെ പരാജയം.