Shivam Dube: ശിവനല്ല, സ്പിന്നർമാരുടെ യമൻ, ശിവം ദുബെയുടെ പ്രകടനത്തിന് പിന്നിൽ ധോനിയുടെ കരങ്ങൾ

Shivam Dube IPL
അഭിറാം മനോഹർ| Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (18:33 IST)
Shivam Dube IPL
ഐപിഎല്ലില്‍ ഏറെക്കാലമായി കളിക്കുന്ന താരമാണെങ്കിലും അപൂര്‍വ്വം ചില മികച്ച ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തുന്നത് വരെ ശിവം ദുബെ ബാറ്റിംഗില്‍ നടത്തിയിരുന്നത്. എന്നാല്‍ ചെന്നൈയില്‍ എത്തിയത് മുതല്‍ ടി20യിലെ സ്പിന്‍ ബാഷര്‍ എന്ന പട്ടം വളരെ ചുരുക്കം നാളുകള്‍ കൊണ്ട് സ്വന്തമാക്കാന്‍ ശിവം ദുബെയ്ക്കായി. 2024 സീസണിലും വിജയകരമായി തന്നെ ആ റോള്‍ വഹിക്കാന്‍ ശിവം ദുബെയ്ക്കവുന്നുണ്ട്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 23 പന്തില്‍ 51 റണ്‍സുമായി ഇടിവെട്ട് പ്രകടനമാണ് താരം നടത്തിയത്. 2 ഫോറും 5 സിക്‌സും ഉള്‍പ്പടെയായിരുന്നു താരത്തിന്റെ പ്രകടനം.

ഒരു ശരാശരി ബാറ്റര്‍ എന്ന നിലയില്‍ നിന്നും ദുബെയ്ക്കുണ്ടായ മാറ്റത്തില്‍ മുഖ്യ പങ്ക് ചെന്നൈ മാനേജ്‌മെന്റിനും മഹേന്ദ്രസിംഗ് ധോനിക്കുമാണെന്നാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് മത്സരശേഷം പറഞ്ഞത്. ആത്മവിശ്വാസമുള്ള ആളാണ് ശിവം. ഇവിടെ വന്നപ്പോള്‍ മാനേജ്‌മെന്റ് അവനൊപ്പം വ്യക്തിപരമായി തന്നെ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചു. ധോനിയും അവനൊപ്പം ഏറെ സമയം ചെലവിട്ടിട്ടുണ്ട്. ടീമിനായി എന്ത് റോളാണ് ചെയ്യേണ്ടതെന്നും ഏത് ബൗളറെയാണ് ആക്രമിക്കേണ്ടതെന്നും ഇപ്പോള്‍ അവന് കൃത്യമായി അറിയാം. റുതുരാജ് പറയുന്നു.

അതേസമയം ചെന്നൈ താന്‍ കളിച്ച മറ്റ് ഫ്രാഞ്ചൈസികളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ദുബെ അഭിപ്രായപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതെന്നും ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ വിജയിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്നും ദുബെ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :