അഭിറാം മനോഹർ|
Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (13:38 IST)
ഗുജറാത്ത് ടൈറ്റന്‍സിന് അവരുടെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം സ്വന്തമാക്കികൊടുത്ത തലക്കനവുമായാണ് 2024 ഐപിഎല്‍ സീസണില്‍ ഹാര്‍ദ്ദിക് മുംബൈ ഇന്ത്യന്‍സ് ടീമില്‍ തിരിച്ചെത്തിയത്. ടീമിന്റെ ഇതിഹാസ നായകനായ രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും നീക്കിയാണ് ഹാര്‍ദ്ദിക് മുംബൈയില്‍ തിരിച്ചെത്തിയത് എന്നതിനാല്‍ ഹാര്‍ദ്ദിക് വന്നതില്‍ മുംബൈ ആരാധകരും സന്തുഷ്ടരായിരുന്നില്ല. മുംബൈ വിട്ട് ഗുജറാത്തിലേക്ക് പോയതിന് ശേഷം മുംബൈ ടീമിനെ ഹാര്‍ദ്ദിക് തള്ളിപറഞ്ഞതാണ് പല ആരാധകര്‍ക്കും ദേഷ്യം വര്‍ധിക്കുവാന്‍ കാരണമായത്.
എന്നിരുന്നാലും 2024 ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നത് മുന്‍പ് വരെ പയറ്റി തെളിഞ്ഞ നായകനെന്ന റെക്കോര്‍ഡെങ്കിലും ഹാര്‍ദ്ദിക്കിന് കൂടെയുണ്ടായിരുന്നു. എന്നാല്‍ മുംബൈ ടീമില്‍ രണ്ടാമതെത്തിയതോടെ അപ്രതീക്ഷിത തീരുമാനങ്ങള്‍ കൊണ്ട് ഞെട്ടിക്കുകയാണ് ഹാര്‍ദ്ദിക്. പവര്‍പ്ലേയില്‍ നാശം വിതയ്ക്കാന്‍ കഴിവുള്ള ജസ്പ്രീത് ബുമ്ര ജെറാള്‍ഡ് കൂറ്റ്‌സെ സഖ്യമുണ്ടെങ്കിലും ഇരുവരെയും ഇതുവരെയും പവര്‍പ്ലേയില്‍ ഉപയോഗപ്പെടുത്താന്‍ ഹാര്‍ദ്ദിക് തയ്യാറായിട്ടില്ല. പണ്ട് മുംബൈയില്‍ ബുമ്രയും ബോള്‍ട്ടും ചേര്‍ന്ന് ചെയ്തത് ആവര്‍ത്തിക്കാന്‍ സാധിക്കുന്ന ജോഡിയെയാണ് മുംബൈ അവഗണിക്കുന്നത്.
പവര്‍പ്ലേയില്‍ ആദ്യ നാല് ഓവറുകളില്‍ രണ്ടെണ്ണം ബുമ്ര നിര്‍ബന്ധമായി ചെയ്തിരിക്കണമെന്ന് പല മുന്‍താരങ്ങളും അഭിപ്രായപ്പെടുമ്പോള്‍ പവര്‍ പ്ലേ കഴിഞ്ഞതിന് ശേഷം മാത്രമാണ് ഹാര്‍ദ്ദിക് ബുമ്രയെ കൊണ്ടുവരുന്നത്. ഇതിലും ബേധം ബുമ്രയെ ഷോക്കേസില്‍ വെയ്ക്കുന്നതാണെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇന്ന് ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ സ്പിന്നിനെ കളിക്കുന്ന ഹെന്റിച്ച് ക്ലാസന് മുന്നില്‍ അവസാന ഓവര്‍ സ്പിന്നറെ കൊണ്ടുനിര്‍ത്തിയതിലും ആരാധകര്‍ക്ക് നിരാശയുണ്ട്. സാമാന്യബുദ്ധിയുള്ളവര്‍ ചെയ്യാത്ത കാര്യങ്ങളാണ് ഹാര്‍ദ്ദിക് ക്യാപ്റ്റനെന്ന നിലയില്‍ മുംബൈയില്‍ ചെയ്യുന്നതെന്നും ഈ പോക്കാണെങ്കില്‍ അധികം വൈകാതെ ടീമിന്റെ തന്നെ ഫിനിഷറാകാന്‍ ഹാര്‍ദ്ദിക്കിനാകുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു.