രേണുക വേണു|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (12:13 IST)
വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തിട്ടും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ തോല്‍വി വഴങ്ങിയതിന്റെ നിരാശയിലാണ് ആരാധകര്‍. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 34 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ കളി ചെന്നൈയുടെ വരുതിയിലായിരുന്നു. എന്നാല്‍, 19-ാം ഓവര്‍ ശിവം ദുബെയ്ക്ക് നല്‍കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനം പിഴച്ചു. 19-ാം ഓവറില്‍ 25 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്.
ആരാണ് ഇങ്ങനെയൊരു മണ്ടന്‍ തീരുമാനമെടുത്തതെന്നാണ് മത്സരശേഷം ചെന്നൈ ആരാധകര്‍ ചോദിക്കുന്നത്. മഹേന്ദ്രസിങ് ധോണിയാണ് ദുബെയെ നിര്‍ണായകമായ 19-ാം ഓവര്‍ എറിയാന്‍ പന്ത് ഏല്‍പ്പിച്ചത്. ധോണി ഇങ്ങനെയൊരു മണ്ടന്‍ തീരുമാനം എടുത്തത് എന്തിനാണെന്ന് പല ചെന്നൈ ആരാധകരും ട്വിറ്ററില്‍ ചോദിച്ചു. ദുബെയെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും പഴിക്കേണ്ടത് ടീം മാനേജ്‌മെന്റിനെ മാത്രമാണെന്നും ചെന്നൈ ആരാധകര്‍ തന്നെ പലയിടത്തും കമന്റ് ചെയ്തിട്ടുണ്ട്.
ദുബെ ഒരു നല്ല ബൗളറല്ലെന്ന് അറിയാവുന്നതാണ്. മാത്രമല്ല ബൗളര്‍ എന്ന നിലയില്‍ അനുഭവസമ്പത്തും കുറവ്. ഇതൊക്കെ അറിഞ്ഞിട്ടും ദുബെയ്ക്ക് 19-ാം ഓവര്‍ നല്‍കിയതിന്റെ ഔചിത്യമാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്.