പാകിസ്ഥാനിൽ വേണ്ട യുഎഇയിൽ കളിക്കട്ടെയെന്ന് പാകിസ്ഥാൻ, താത്പര്യമില്ലെന്നറിയിച്ച് ബംഗ്ലാദേശും ശ്രീലങ്കയും

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മെയ് 2023 (18:13 IST)
പാകിസ്ഥാനിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഏഷ്യാകപ്പ് ടൂർണമെൻ്റിൻ്റെ നടത്തിപ്പിനെതിരെ ബിസിസിഐ മുന്നോട്ട് വന്നതിന് പിന്നാലെ ടൂർണമെൻ്റ് നടത്തിപ്പ് പ്രതിസന്ധിയിൽ. പാകിസ്ഥാനിൽ ഏഷ്യാകപ്പ് കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ലോകകപ്പിൽ നിന്നും പിന്മാറുമെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താമെന്ന് നിർദേശം വന്നിരുന്നെങ്കിലും അക്കാര്യത്തിലും നീക്കുപോക്കുണ്ടായില്ല.

ടൂർണമെൻ്റ് പാകിസ്ഥാനിൽ നിന്നും മാറ്റി നിഷ്പക്ഷ വേദിയായ യുഎയിൽ നടത്താമെന്ന നിർദേശം നിലവിൽ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശും ശ്രീലങ്കയും ഈ നിർദേശത്തിനെതിരാണ്. ബിസിസിഐ ഇടപെടലാണ് ഇതിൻ്റെ കാരണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ആരോപിക്കുന്നു. എന്നാൽ സെപ്റ്റംബറിൽ യുഎഇയിലെ കടുത്ത ചൂടാണ് ഇതിന് കാരണമായി ശ്രീലങ്കൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ പറയുന്നത്.

അതേസമയം ശ്രീലങ്കയെ മറ്റൊരു വേദിയായി പരിഗണിക്കണമെന്ന നിർദേശവും മുന്നോട്ട് വരുന്നുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഏഷ്യാകപ്പിൽ നിന്നും മാറിനിൽക്കുമെന്നും യുഎഇയിൽ മുൻപും ടൂർണമെൻ്റുകൾ നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാൻ പറയുന്നു. 2020 സെപ്റ്റംബർ- നവംബർ കാലഘട്ടത്തിൽ ഐപിഎല്ലും 2018ൽ ആതിഥേയരായ ഏഷ്യാകപ്പ് മത്സരങ്ങൾ സെപ്റ്റംബറിലും യുഎഇയിൽ വെച്ച് നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :