യുവി പൊരുതി, പക്ഷേ തോറ്റു; ഡൽഹിക്ക് മുന്നിൽ മുട്ടുമടക്കി മുംബൈ ഇന്ത്യൻസ്

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (09:46 IST)
ഐ പി എല്ലിന്റെ 12 ആം സീസണിന് അരങ്ങുണർന്നു. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ മൈതാനത്ത് വെച്ച് തന്നെ ഡൽഹി തറപറ്റിച്ചു. 37 റണ്‍സിനായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തു. ഇടിവെട്ട് ബാറ്റിംഗ് ആയിരുന്നു ടീം കാഴ്ച വെച്ചത്.

ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഇതോടെ ഡൽഹിക്ക് വെല്ലുവിളിയുയർത്താൻ മുംബൈയ്ക്ക് കഴിഞ്ഞതുമില്ല. 19.2 ഓവറില്‍‍‍ 176 റണ്‍സിന് മുംബൈ പുറത്തായി. ബൗളിങിനിടെ പരിക്കേറ്റതിനാല്‍ മുംബൈ പേസര്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യാനിറങ്ങിയില്ല.

മുംബൈ ജഴ്‌സിയില്‍ അരങ്ങേറിയ യുവരാജ് സിങ് മികച്ച ഇന്നിങ്‌സുമായി പൊരുതിനോക്കിയെങ്കിലും ലക്ഷ്യം പരാജയമായിരുന്നു ഫലം. 35 പന്തില്‍ അഞ്ചു ബൗണ്ടറികകളും മൂന്നു സിക്‌സറുമടക്കം യുവി 53 റണ്‍സ് നേടി. മുംബൈക്കായി ഫിഫ്റ്റി നേടിയ ഏക താരവും യുവി തന്നെയാണ്. ഡല്‍ഹിക്കു വേണ്ടി ഇഷാന്ത് ശര്‍മയും കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതമെടുത്തു.

റിഷഭ് പന്ത് നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 18 പന്തില്‍ ഫിഫ്റ്റി തികച്ച പന്ത് പുറത്താവാതെ 78 റണ്‍സാണ് കളിയില്‍ വാരിക്കൂട്ടിയത്. ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹിക്കായി കുറഞ്ഞ പന്തുകളില്‍ ഫിഫ്റ്റി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനും പന്ത് അവകാശിയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :