മാസ് കാണിച്ച് ‘തല’, ചെന്നൈയെ രക്ഷിച്ചത് ധോണി; രാജസ്ഥാന് തോല്‍വി

Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (09:23 IST)
ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽ‌സിനെ 8 റൺസിന് തറപറ്റിച്ച് ധോണിപ്പട. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലെത്താൻ കഴിയാതെ രാജസ്ഥാൻ റോയത്സ്. 167 റൺസിൽ രാജസ്ഥാന്റെ തേരോട്ടത്തിന് സഡൻ ബ്രേക്കിട്ട് ചെന്നൈ. സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു.
തുടക്കത്തിൽ മോശം കാലാവസ്ഥയായിരുന്നു ചെന്നൈയ്ക്ക്. ഒരു റണ്ണെടുത്ത റായുഡുവിനെ തുടക്കത്തിലെ ആര്‍ച്ചര്‍ മടക്കി. 13 റൺസ് മാത്രം നേടി വാട്‌സണും 8ൽ കേദാറും പുറത്തായപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രം. നാലാം വിക്കറ്റില്‍ റെയ്‌നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ആം ഓവറില്‍ 36 റൺസെടുത്ത് റെയ്നയും പുറത്തായി.

ശേഷം എം എസ് ധോണിയെന്ന അതികായന്റെ ചുമലിലായിരുന്നു ടീമിന്റെ ഭാവി. ഇത് തിരിച്ചറിഞ്ഞ ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇഴഞ്ഞു തുടങ്ങിയ ചെന്നൈയ്ക്കായി രക്ഷാപ്രവർത്തനം നടത്തിയത് കൂൾ ധോണിയാണ്. ക്രീസിലൊന്നിച്ച ധോണിയുടെ ബ്രാവോയും ചെന്നൈയ്ക്ക് രക്ഷകരായി. പതുക്കെ തുടങ്ങിയ ധോണി 39 പന്തില്‍ അമ്പത് കടന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ അര്‍ച്ചര്‍ എറിഞ്ഞ 19-ആം ഓവറില്‍ ബ്രാവോ പുറത്ത്.

അവസാന ഓവറില്‍ ധോണിയും ജഡേജയും പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 28 റണ്‍സാണ് ധോണിയും ജഡേജയും അടിച്ചെടുത്തത്. ധോണി പൊരുതി നേടിയ ഇന്നിംഗ്സ് ടീമിന് മുതൽക്കൂട്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :